കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ ‘പച്ചമീനും പച്ചക്കറിയും’ കാര്‍ഷിക വിപണന മേളയ്ക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരളത്തിന്റെ കാര്‍ഷിക രംഗത്ത് ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും സുഭിക്ഷ കേരളം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി മാത്രം ഓണത്തിന് ഒരുമുറം പച്ചക്കറി, സുഭിക്ഷ കേരളം, ജീവനി തുടങ്ങിയ വൈവിധ്യമാര്‍ന്ന കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. കാര്‍ഷിക രംഗത്തെ പുരോഗതിയില്‍ ജില്ലാ പഞ്ചായത്തുകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. കാര്‍ഷിക മേളകള്‍ സംഘടിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്താല്‍ അത് കര്‍ഷകര്‍ക്ക് വലിയ ഗുണകരമാകുമെന്നും ഇടനിലക്കാരുടെ ചൂഷണമില്ലാതെ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ന്യായവില ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താവിന് നല്ല ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക, കര്‍ഷകര്‍ക്ക് വിപണി സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പച്ചക്കറി, പുഴമത്സ്യം എന്നിവയ്‌ക്കൊപ്പം കപ്പ, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും കൈതച്ചക്ക, തണ്ണിമത്തന്‍, മാങ്ങ, തുടങ്ങിയ ഫലവര്‍ഗങ്ങളും മേളയിലുണ്ട്. കൂടാതെ മാവ്, പ്ലാവ്, പേര, തെങ്ങ്, കുരുമുളക്, പച്ചമുളക്, കാന്താരി, പപ്പായ, മുരിങ്ങ, കശുമാവ്, വാഴ എന്നിവയുടെ തൈകളും വിപണനത്തിനുണ്ട്. 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള മേള ഫെബ്രുവരി 28 ന് സമാപിക്കും.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. സംസ്ഥാന കര്‍ഷക അവാര്‍ഡുകളില്‍ മികച്ച നേട്ടം കൈവരിച്ച കര്‍ഷകര്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ യു പി ശോഭ, വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അംഗം തോമസ് വെക്കത്താനം, സെക്രട്ടറി വി ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി കെ രാംദാസ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എ സാവിത്രി, കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുധീര്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.