മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകലക്ടറുമായ കെ.ഗോപാലകൃഷ്ണന്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  പി. റഷീദ് ബാബു കണ്‍വീനറുമായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്.
തിരൂര്‍ ആര്‍.ഡി.ഒ കെ.എം അബ്ദുള്‍ നാസര്‍, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ആന്‍ഡ് ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ സി. ഉദയകുമാര്‍,  പ്രസ് ക്ലബ് പ്രസിഡന്റ്   ഷംസുദ്ദീന്‍ മുബാറക്ക്, പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസ് എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്. ഇവരെ കൂടാതെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റിയില്‍ നിയമിച്ചിട്ടുണ്ട്.

ജില്ലാതലത്തില്‍ തെരഞ്ഞെടുപ്പു പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനൊപ്പം പത്ര-ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും പരസ്യങ്ങള്‍, പെയ്ഡ് ന്യൂസ്, സ്ഥാനാര്‍ഥികളുമായും രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവ റെക്കോഡു ചെയ്യുകയും ചെയ്യും. മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും കേബിള്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമ തീയറ്ററുകളും വഴി പരസ്യങ്ങള്‍ സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ ശ്രവ്യ-ദൃശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.

സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വാര്‍ത്തകളും പരസ്യങ്ങളും അവലോകനം ചെയ്യുന്ന കമ്മിറ്റി ഓരോ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വരണാധികാരിക്കും ചെലവ് നീരിക്ഷകനും  നല്‍കും. റിപ്പോര്‍ട്ടുകള്‍  പെയ്ഡ് ന്യൂസാണെന്നു തെളിഞ്ഞാല്‍   പരസ്യം എന്ന നിലയില്‍ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ തുക ഉള്‍ക്കൊള്ളിക്കാന്‍ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. മാതൃക പെരുമാറ്റചട്ടങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനവും നിരീക്ഷിക്കും.
പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുക, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ പ്രചാരണത്തിനായി  തയാറാക്കുന്ന പരസ്യങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവ പരിശോധിച്ചു പ്രക്ഷേപണത്തിന് അനുമതി നല്‍കുക എന്നിവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രധാന ചുമതലകള്‍.