പാലക്കാട്: ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലെ മലയാളി തിളക്കമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും . ആദ്യ പതിപ്പുമുതൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രങ്ങൾക്ക് പാലക്കാട്ടും വലിയ സ്വീകാര്യതയാണ് ലഭിച്ചത് . അധികാരം ജനാധിപത്യത്തെ കാറ്റിൽ പറത്തുന്നതും ‘തങ്ങളുടെ’ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ട് ‘അവരെ’ പിടികൂടാനുള്ള ശ്രമങ്ങള് നടത്തുന്നതുമാണ് ചുരുളിയുടെ പ്രമേയം .
പെരുമാറ്റച്ചട്ടങ്ങള്, നിരോധനങ്ങള് തുടങ്ങിയവ ഒരു ജനതയുടെ മേൽ നടത്തുന്ന ഇടപെടലുകൾ ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തില് ചിത്രത്തിൽ അവതരിപ്പിക്കുന്നു. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം . ഹാസ്യം എന്ന വികാരത്തിന് ജീവിതസാഹചര്യങ്ങളിലെ പുതിയ നിർവചനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം . ചുരുളി വ്യാഴാഴ്ച വൈകിട്ട് നാലിനും ഹാസ്യം ബുധനാഴ്ച 2.45 നും സത്യാ മൂവി ഹൗസിൽ പ്രദർശിപ്പിക്കും .