ചക്കപ്പായസം മുതല്‍ ചക്ക ചില്ലി വരെ: അട്ടപ്പാടിയില്‍ നിന്ന് വനസുന്ദരിയും

നവകേരളം 2018 പ്രദര്‍ശന വിപണന മേളയില്‍ വൈവിധ്യങ്ങളായ രുചികളുമായി ഫുഡ് കോര്‍ട്ടുകള്‍ സജീവമായി. കുടുംബശ്രീയ്ക്കു പുറമെ എട്ടോളം സ്വകാര്യ സ്ഥാപനങ്ങളാണ് സ്വാദിഷ്ടമായ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നത്. അട്ടപ്പാടി ആദിവാസി സമൂഹത്തിന്റെ ഗോത്ര വിഭവങ്ങളും കടല്‍-കായല്‍ വിഭവങ്ങളും മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക കൊണ്ടുള്ള പായസം മുതല്‍ ചക്ക കട്‌ലറ്റ് വരെയുള്ള സ്വാദുകളും മേളയിലുണ്ട്.

നെന്മാറ മേലാര്‍ക്കാട് കുടുംബശ്രീ യൂനിറ്റാണ് കടല്‍-കായല്‍ വിഭവങ്ങളുടെ പ്രത്യേക സ്റ്റാള്‍ ഒരുക്കിയത്. കൂന്തല്‍ റോസ്റ്റ്, മീന്‍ കട്ലറ്റ്, ചെമ്മീന്‍ റോസ്റ്റ്, ബീഫ് റോസ്റ്റ്, പത്തിരി, കപ്പ-മത്തിക്കറി എന്നിവക്ക് പുറമെ ചിക്കന്‍ ബിരിയാണിയും രുചി പെരുമയ്ക്ക് മാറ്റുകൂട്ടാനുണ്ട്. അട്ടപ്പാടിയിലെ കുടുംബശ്രീ യൂനിറ്റാണ് പ്രാചീന ഗോത്ര വിഭവങ്ങളുമായി എത്തിയിട്ടുള്ളത്. ഗോത്ര വിഭാഗ ഭക്ഷണത്തില്‍ ഏവര്‍ക്കും പ്രിയം വനസുന്ദരിയോടാണ്. കുരുമുളകും കാന്താരിയും ചേര്‍ത്ത ചിക്കന്‍ പൊള്ളിച്ചത് രുചിയുടെ വസന്തം തീര്‍ത്തെന്നാണ് മേളയിലെ പൊതുവെയുള്ള അഭിപ്രായം. ഇതു കൂടാതെ, ഓരോ ദിവസവും വ്യത്യസ്ത ഗോത്ര ധാന്യങ്ങളുടെ പായസവും സ്റ്റാളില്‍ ഉണ്ടാവും. ചാമയരി പായസം, മുളയരി പായസം, തിന പായസം എന്നിവ കേമമാണ്. റാഗി പഴപൊരിയും സ്റ്റാളിലെ സവിശേഷ പലഹാരമാണ്.

രാമശ്ശേരി ഇഡ്ഢലി മുതല്‍ ചിക്കന്‍-ചെമ്മീന്‍ ദോശ വരെ ഒരുക്കി ദോശ സ്റ്റാളും മേളയിലുണ്ട്. നെയ്‌റോസ്റ്റ്, മസാല റോസ്റ്റ്, ഒനിയന്‍ റോസ്റ്റ്, ചിക്കന്‍ ദോശ, ചെമ്മീന്‍ ദോശ എന്നിവയാണ് ദോശ സ്റ്റാളിലെ ആകര്‍ഷമായ വിഭവങ്ങള്‍.

ചക്കയുടെ നിരവധി വിഭവങ്ങളാണ് പീപ്പിള്‍ സര്‍വീസ് സൊസൈറ്റി എന്‍.ജി.ഒയായ ജാക്‌സോ ഒരുക്കിട്ടുള്ളത്. ചക്ക പായസം, ചക്ക ഐസ് ക്രീം, ചക്ക ബോണ്ട, ചക്ക വട, ചക്ക ഉണ്ണിയപ്പം, ചക്കക്കുരു പായസം, ചക്ക ബോളി, ചക്ക കട്‌ലറ്റ്, ചക്ക ചില്ലി തുടങ്ങിയ ബഹുവിധ പലഹാരങ്ങളും മേളയിലെ മറ്റൊരു സവിശേഷതയാണ്.

തനതു രുചികള്‍ക്ക് പുറമെ ഊട്ടി ബര്‍ക്കി, ചിപ്പ്‌സ്, ശര്‍ക്കര ഉപ്പേരി’, ചക്കവറ്റില്‍, കയ്പക്ക ചിപ്‌സ്, കരിമ്പ് ജ്യൂസ്, ബാംഗ്ലൂര്‍ മുളക് ബജി, കോളിഫ്‌ളവര്‍ ചില്ലി, മസാല പൂരി, പാനി പൂരി, ബേല്‍ പൂരി, സ്‌പെഷ്യല്‍ കാളന്‍, മസാല സോഡ, മധുര ചോളം, വിവിധ ഐസ്‌ക്രീം വിഭവങ്ങളും മേളയിലെ രുചി വൈവിധ്യങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു.