സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ 3218 കോടി രൂപയുടെ 264 പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതില്‍ പണി പൂര്‍ത്തിയാക്കിയ 14 പാലങ്ങള്‍, 87 റോഡുകള്‍, 22 കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടും. കൂടാതെ, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുന്ന 13 പാലങ്ങള്‍, 107 റോഡുകള്‍, 21 കെട്ടിടങ്ങള്‍ എന്നിവയും ഉള്‍പ്പെടും.    നേരത്തെ പൂര്‍ത്തിയായതും നിര്‍മാണഘട്ടത്തിലുള്ളതുമായ പദ്ധതികള്‍ക്ക് പുറമേയാണിത്.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവുമധികം അടിസ്ഥാന സൗകര്യവികസനം നടക്കുന്ന കാലഘട്ടമിതാണെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 3367 കിലോമീറ്റര്‍ റോഡ് പുനരുദ്ധരിച്ചു. വേസ്റ്റ് പ്ലാസ്റ്റിക്, നാച്യുറല്‍ റബര്‍ മിക്‌സ്ഡ് ബിറ്റുമിന്‍ തുടങ്ങിയ നൂതന റോഡ് നിര്‍മാണ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് റോഡ് നിര്‍മാണം.
ഏറ്റവുമധികം അഴിമതി ആക്ഷേപം കേട്ടിരുന്ന വകുപ്പില്‍ അഴിമതി നിര്‍മാര്‍ജനത്തിന് ശക്തമായ ഇടപെടലുണ്ടായി. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തി. പൊതുജനങ്ങളില്‍ നിന്ന് മന്ത്രി നേരിട്ട് ഫോണിലൂടെ പരാതി കേള്‍ക്കാന്‍ ആരംഭിച്ചു. പരാതികള്‍ അന്വേഷിച്ച് 248 ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു.
മരാമത്ത് പണികളുടെ സുതാര്യതയും ഗുണമേന്‍മയും വര്‍ധിപ്പിക്കാന്‍ സാമൂഹ്യ ഓഡിറ്റ് ആരംഭിച്ചു. ജില്ലാ സാമൂഹ്യ ഓഡിറ്റ് സമിതികളാണ് ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ളത്. ഭരണസൗകര്യത്തിനായി രണ്ട് പുതിയ ചീഫ് എഞ്ചിനീയര്‍ തസ്തികകള്‍ സൃഷ്ടിച്ചു. പാലങ്ങള്‍ക്ക് മാത്രമായും, മെയിന്റനന്‍സിന് മാത്രമായുമാണ് രണ്ടു ചീഫ് എഞ്ചിനീയര്‍ തസ്തികകള്‍ വന്നത്.
105602 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് അഞ്ചുവര്‍ഷം കൊണ്ട് വകുപ്പ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. കിഫ്ബി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരു ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ആരംഭിച്ചു.
കിഫ്ബി മുഖേന 30,000 കോടി രൂപയുടെ റോഡുകളും പാലങ്ങളും ഫ്‌ളൈ ഓവറുകളും നിര്‍മിക്കും. ഇതില്‍ 7659.12 കോടിയുടെ പ്രവൃത്തികള്‍ക്ക് സാമ്പത്തിക അംഗീകാരം ലഭിച്ചിട്ടുണ്ട്.
ദേശീയപാത വിഭാഗത്തില്‍ 2017-18 വര്‍ഷം 1848 കോടി രൂപയ്ക്കുള്ള അംഗീകാരം നല്‍കി. 162.46 കോടി രൂപ ചെലവില്‍ കരമന-കളിയിക്കാവിള റോഡിന്റെ രണ്ടാംഘട്ടത്തിന് കിഫ്ബിയുടെ അംഗീകാരം ലഭ്യമാക്കി. 78.36 കോടി രൂപ ചെലവുവരുന്ന വൈറ്റില ഫ്‌ളൈ ഓവറിന് കിഫ്ബിയില്‍നിന്ന് അംഗീകാരം ലഭ്യമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. 74.45 കോടി രൂപ ചെലവ് വരുന്ന കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറും കിഫ്ബിയില്‍ നിന്ന് അംഗീകാരം ലഭ്യമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ പുറക്കാട്-പാതിരിപ്പള്ളി റോഡ് പുതിയ സാങ്കേതിക വിദ്യയായ കോള്‍ഡ് ഇന്‍ പ്‌ളേസ് റീസൈക്ലിംഗ് രീതിയില്‍ നിര്‍മിച്ചു.
പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ മെച്ചപ്പെടുത്താന്‍ നടപടി തുടങ്ങി. ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തുകയും 17 റസ്റ്റ് ഹൗസുകളില്‍ ക്യാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. കരുമാടി, വെഞ്ഞാറമൂട് എന്നിവിടങ്ങളില്‍ പുതിയ റസ്റ്റ് ഹൗസുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.
രജിസ്‌ട്രേഷന്‍ വകുപ്പില്‍ സേവനങ്ങള്‍ ഇ പേമെന്റായി സ്വീകരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കി. രജിസ്‌ട്രേഷന്‍ വരുമാനം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.