ഇടുക്കി ജില്ലയിലെ 24 ഡാമുകളില്‍ മത്സ്യ കൃഷി സജീവമാക്കിയിട്ടുള്ള നാല് ഡാമുകളിലെ ഫാമുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മത്സ്യ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനാകുമെന്ന് ഫിഷറീസ്- സാംസ്കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്. ഇതുവഴി കൂടുതല്‍ ഡാമുകളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുവാന്‍ സാധിക്കും. ഫിഷറീസ് വകുപ്പിന്റെ കീഴില്‍ വെള്ളത്തൂവല്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ മത്സ്യകര്‍ഷകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന നിമിഷമാണിത്. ജില്ലയില്‍ 4500-ഓളം വരുന്ന ശുദ്ധജല മത്സ്യകര്‍ഷകര്‍ നമ്മുടെ സംസ്ഥാനത്തെ മത്സ്യ സമ്പദ്വ്യവസ്ഥയില് വലിയ പങ്കാണ് വഹിക്കുന്നത്. നേരത്തേ വിദൂര ജില്ലകളില്‍ നിന്നാണ് വലിയ പ്രതിസന്ധിയോടെയാണ് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചിരുന്നത്. ദൂരയാത്രകള്ക്കൊടുവില് ഉണ്ടാകുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ മരണനിരക്ക് കര്‍ഷകര്‍ക്ക് വലിയ നഷ്ടമായിരുന്നുവെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ചെങ്കുളത്ത് മത്സ്യവിത്ത് ഫാം ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ചെങ്കുളം ഡാം സൈറ്റില്‍ 1.62 ഹെക്ടര്‍ ഭൂമിയില്‍ 654.95 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ വിവിധ പദ്ധതികളിലായി കാര്‍പ്പ്, തിലാപ്പിയ, വരാല്, ആസാംവാള, അനാബസ് എന്നീ മത്സ്യങ്ങളുടെ കൃഷിയില്‍ ഏര്‍പ്പെട്ടുവരുന്ന മത്സ്യകര്‍ഷകര്‍ കുളങ്ങളിലും മറ്റു നൂതന മത്സ്യകൃഷി രീതികളിലുമായി 250 ഹെക്ടറിലധികം ജലാശയങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ജില്ലയിലെ 12000 ഹെക്ടര്‍ വരുന്ന റിസര്‍വോയറുകള്‍ മത്സ്യ ഉത്പാദനത്തിന്റെ വലിയ സാധ്യതയാണ്. ഈ ജലാശയങ്ങളില്‍ മത്സ്യങ്ങള്‍ നിക്ഷേപിക്കുന്നതിലൂടെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ഉറപ്പാക്കുന്നതിനും പദ്ധതി സഹായിക്കും.
അഞ്ച് സെന്റ് വീതമുള്ള 15 ടാങ്കുകളും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും അനുബന്ധ സംവിധാനങ്ങളും ഉള്‍പ്പെടുന്ന ഈ ഫാമിന്റെ പ്രതിവര്‍ഷ ഉത്പാദനശേഷി 3.6 മില്യണ്‍ മത്സ്യ കുഞ്ഞുങ്ങളാണ്. ജില്ലയുടെ ആവശ്യം കൂടാതെ സമീപ ജില്ലകളിലേക്കും മത്സ്യവിത്ത് നല്കുവാന് സാധിക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ചെങ്കുളം ഡാം സൈറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ. എ. രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എല്‍.എ മുഖ്യാതിഥിയായി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍ സാമുവല്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
