മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ വർഷിക പദ്ധതിയിൽ നൂതന പ്രൊജക്ടായി ഏറ്റെടുത്ത് നടപ്പാക്കുന്ന വയോജനങ്ങൾക്ക് ഹെൽത്ത് ക്ലബ്ബ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 3.45 ലക്ഷം രൂപ ചെലവിട്ടാണ് ഹെൽത്ത് ക്ലബ്ബ് സ്ഥാപിച്ചത്. 1,75,204 രൂപയുടെ വ്യായാമ ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉപകരണങ്ങൾ പരിശീലിപ്പിക്കുന്നതിനും യോഗ പരിശീലനത്തിനുമായി ഇൻസട്രക്ടർക്ക് മാസം 7,000 രൂപ നൽകും. കേന്ദ്രത്തിൽ എത്തുന്ന വയോജനങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശ പ്രകാരം പോഷകമൂല്യമുള്ള ആഹാരങ്ങൾ നൽകുന്നതിന് 1,00,000 രൂപയും ചെലവഴിക്കും. ഡോക്ടറുടെ ശുപാർശ പ്രകാരം വയോജനങ്ങൾക്ക് ഉപയോഗിക്കാൻ അനുയോജ്യമായ തരത്തിലുള്ള എലിപ്റ്റിക്കൽ ഇഎൽ20, സൈക്കിൾ ആർബി20, ട്രെഡ്മിൽ ടി.എം.20, ഡംബെൽസ് എന്നീ ഉപകരണങ്ങൾ ഹെൽത്ത് ക്ലബ്ബിൽ പ്രവർത്തനമാരംഭിച്ചു.
ജീവിത ശൈലീ രോഗം മൂലം വയോജനങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പ്രതിവിധിയായി വ്യായാമം ചെയ്യുന്നതിനും, യോഗ പരിശീലിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പകൽ വേളകളിൽ വീടുകളിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് മാനസികോല്ലാസവും ശാരീരികോല്ലാസവും ഉണ്ടാക്കുന്നതിന് അവസരം ഒരുക്കും. സ്‌നേഹ സ്പർശം പദ്ധതിയിൽ പരിശീലനം ലഭിച്ച വനിതകൾ വീടുകൾ തോറും സന്ദർശിച്ച് ബ്ലഡ് പ്രഷർ, ഷുഗർ എന്നിവ പരിശോധിക്കുകയും, വ്യായാമം ആവശ്യമായ വയോജനങ്ങളെ ഹെൽത്ത് ക്ലബ്ബിലേക്ക് ശുപാർശ ചെയ്യും. സെന്ററിലെത്തുന്ന വയോജനങ്ങളുടെ ബി.പി., ഷുഗർ എന്നിവ പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തും. പഞ്ചയത്തിന്റെ കീഴിലുള്ള അലോപ്പതി, ഹോമിയോ, ആയുർവ്വേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ മാസത്തിൽ ഒരിക്കൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ഇവർക്ക് ആവശ്യമായ മരുന്ന് വിതരണവും നടത്തും. ഹെൽത്ത് ക്ലബ്ബിലേക്ക് മുട്ടിൽ നോർത്തിൽ നിന്നും 25 പേര് അടങ്ങുന്ന ആദ്യ ബാച്ച് 8 മുതൽ 11.30 വരേയും മുട്ടിൽ സൗത്തിൽ നിന്നും രജിസ്റ്റർ ചെയ്ത 25 പേര് അടങ്ങുന്ന രണ്ടാമത്തെ ബാച്ച് 2.30 മുതൽ 5.30 വരേയും വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കി.

ഹെൽത്ത് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബി ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മാത്ത് വളപ്പിൽ കൃഷണകുമാർ, ഷീജ സെബാസ്റ്റ്യൻ, ഹസീന, ബബിത രാജീവൻ, പി.ഭരതൻ, ആയിഷാബി, ചന്ദ്രിക, ഷൈലജ, എ.പി അഹമ്മദ്, എം.സി ബാലകൃഷണൻ,സി.കെ ബാലകൃഷണൻ, ബീന മാത്യു, സീമ ജയരാജൻ, മോഹനൻ, നദീറ മുജീബ്, സുന്ദർ രാജ്, സുഭദ്ര എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ജി. സുകുമാരൻ പദ്ധതി വിശദീകരണം നടത്തി.