സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ടതായി കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കി ജില്ലയിലെ ആദ്യ എയ്ഡഡ് സ്മാർട്ട് വിദ്യാലയമെന്ന പദവി നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്. എസ്. ഹയർസെക്കണ്ടറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പ്രവർത്തനങ്ങളും രീതികളും ആധുനിക കാലത്തെ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. പാഠ പുസ്തകങ്ങളിലെ അറിവ് നേടുകമാത്രമല്ല എങ്ങനെ പഠിക്കണമെന്ന് പഠിക്കുകയാണ് പുതിയകാലത്തെ വിദ്യാഭ്യാസം. വിജയശതമാനത്തിനുളള നേട്ടം വിദ്യാഭ്യാസത്തിന്റെ ഗുണത്തിലുളള നേട്ടമാക്കി മാറ്റണം. പ്രായോഗിക ശേഷിയുളള വിദ്യാർത്ഥികളുടെ സമൂഹം സൃഷ്ടിക്കപ്പെടണം. ലോകത്തിൽ എവിടെയും ഏത് ജോലിയും ചെയ്യാൻ പറ്റുന്ന അറിവ് വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്ന് ലഭിക്കണം. വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസുകൾ സജ്ജമാക്കുന്നത് അറിവിന്റെ ലോകത്തേയ്ക്കുളള വാതിൽ തുറക്കലാണ്. കെട്ടിടങ്ങളും സംവിധാനങ്ങളും മാത്രമല്ല ഉണ്ടാകേണ്ടതെന്നും ബുദ്ധിവിളയുന്ന മസ്തിഷ്‌ക്കങ്ങൾ കൂടി വിദ്യാഭ്യാസ പ്രകീയയിലൂടെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജർ സി. കെ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ക്ലാസ് മുറികളുടെ ഉദ്ഘാടനം മുൻ എം.എൽ.എ വി.എൻ വാസവൻ നിർവ്വഹിച്ചു. ദേശീയ ചലച്ചിത്ര ഛായഗ്രഹണ പുരസ്‌ക്കാര ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ നിഖിൽ എസ് പ്രവീൺ, മുൻ പ്രഥമ അദ്ധ്യാപകൻ കെ.എസ് സുബ്രഹ്മണ്യ അയ്യർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആധുനിക രീതിയിൽ നിർമ്മിച്ച സ്‌കൂൾ കിച്ചൺ, നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം എന്നിവയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. 850 വിദ്യാർത്ഥികൾ പഠിക്കുന്ന ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 18ഉം 970 വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർസെക്കണ്ടറി വിഭാഗത്തിൽ 16 ഉം ഉൾപ്പടെ 34 സ്മാർട്ട് ക്ലാസ് മുറികളാണ് സജ്ജമാക്കിയിട്ടുളളത്. കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, ജില്ലാ പഞ്ചായത്തംഗം സണ്ണി പാമ്പാടി, ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ജു കൃഷ്ണകുമാർ, പി.എസ് സുജാത, കൈറ്റ് റീജിയണൽ കോ-ഓർഡിനേറ്റർ എൻ. ജയകുമാർ, പ്രിൻസിപ്പൽ കെ. ജി സന്തോഷ് കുമാർ, അസി. എഞ്ചിനീയർ ആർ. കെ. ശ്രീരാഖ്, പിടിഎ പ്രസിഡന്റുമാരായ പി. ജി ശ്രീനിവാസൻ, ജി. അജിത്ത്, എൻ.എസ്.എസ് പ്രവർത്തകരായ പി. ബാലകൃഷ്ണ പിള്ള, പി. മധു, എ.എം. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സ്വപ്ന ബി നായർ സ്വാഗതവും എം.ജി ഗിരീഷ് നന്ദിയും പറഞ്ഞു.