ദേശീയ പുരസ്‌ക്കാര ജേതാവ് സജീവ് പാഴൂരിനെ ആദരിച്ചു

കോട്ടയം ജില്ലയിൽ കുമിഞ്ഞ് കൂടുന്ന മാലിന്യപ്രശ്നങ്ങൾ കുറയുന്ന പൗരബോധത്തിന്റെകൂടി സൂചികയാണെന്ന് ജസ്റ്റിസ് കെ.ടി തോമസ്. സംസ്ഥാന മന്ത്രിസഭ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതു പോലെ പൊതുയിടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ വിദ്യാസമ്പന്നരായ നമ്മൾ മെനക്കെടാറില്ല. മഴ പെയ്താൽ കോട്ടയം നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഒഴുകി കുന്ന് കൂടുന്ന സ്ഥിതിയാണ് ഇപ്പോൾ. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം. ഇതിന് ക്രിയാത്മകമായ ഇടപെടലുകൾ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണം അദ്ദേഹം പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് സജീവ് പാഴൂരിനെ അദ്ദേഹം ആദരിച്ചു. അനേകം വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ പോയി കണ്ട സിനിമയാണ് സജീവ് പാഴൂർ തിരക്കഥ എഴുതിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന് അദ്ദേഹം അനുസ്മരിച്ചു. പേരിന്റെ പ്രത്യേകത കൊണ്ടാണ് സിനിമ കാണാൻ പോയതെങ്കിലും ഈ സിനിമയുടെ കെട്ടുറുപ്പ് പൂർണ്ണമായും തിരക്കഥയിലാണ് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ഡോ. ബി. എസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ഐ ആൻഡ് പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.അബദുൽ റഷീദ് ആശംസാ പ്രസംഗം നടത്തി. ലണ്ടൻ ബ്രൂണൽ യുണിവേഴ്സ്റ്റി എൻവയോൺമെന്റൽ സയന്റിസ്റ്റ് ഡോ. അജി പീറ്റർ ഉപഭോക്തൃ ജീവിതവും പരിസ്ഥിത് ആഘാതവും പുനർചിന്തനം എന്ന വിഷയത്തിലും കെ.വി.കെ കുമരകം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജി. ജയലക്ഷ്മി കർഷകരുടെ വരുമാന വർദ്ധനവും കാർഷിക രംഗത്തെ സംയോജിത ശാസ്ത്രീയ മാറ്റങ്ങളും എന്ന വിഷയത്തിലും റബർ ബോർഡ് സീനിയർ സയന്റിസ്റ്റ് ഡോ. സതീഷ് ബാബു റബർ കൃഷിയും റബർ അധിഷ്ഠിത വ്യവസായങ്ങളും കാഴ്ചപ്പാട് എന്ന വിഷയത്തിലും ജില്ലാ വ്യവസായ കേന്ദ്രം റിട്ട. മാനേജർ ടി.ബി രമണൻ സംരംഭകത്വ വികസനം പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിലും മനോരമ മുൻ അസി. എഡിറ്റർ ഡോ. പോൾ മണലിൽ മാധ്യമലോകത്തെ മാറ്റങ്ങളും ഡിജിറ്റൽ ലോകത്തിന്റെ പ്രസക്തിയും എന്ന വിഷയത്തിലും കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സജിത്ത് നൈനാൻ ഫിലിപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ എന്ന വിഷയത്തിലും പേപ്പറുകൾ അവതിരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസി പി മാത്യു പൊതുവിഷയം അവതരിപ്പിച്ചു. എം. ജി. യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം ഡയറക്ടർ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള മോഡറേറ്ററായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് സ്വാഗതവും അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണർ (ജനറൽ) പി. എസ് ഷിനോ നന്ദിയും പറഞ്ഞു.