ഡെങ്കിപ്പനി സാന്നിധ്യം കണ്ടെത്തിയിട്ടുള്ള ആറന്മുള പഞ്ചായത്തില്‍ ഡെപ്യുട്ടി ഡിഎംഒ ഡോ. റ്റി. അനിതാകുമാരിയുടെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. പഞ്ചായത്തിലെ അഞ്ച്, 11, 12, 13 വാര്‍ഡുകളില്‍ നടന്ന ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരും ആഷാ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. തുടര്‍ച്ചയായി മൂന്നാഴ്ച ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹകരണമുണ്ടാകണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു.
തിങ്കളാഴ്ച 13-ാം വാര്‍ഡിലുള്ള ഗുരുമന്ദിരത്തിലും ചൊവ്വാഴ്ച അഞ്ചാം വാര്‍ഡിലുള്ള പരുത്തുപാറ അംഗന്‍വാടിയിലും വ്യാഴാഴ്ച 12-ാം വാര്‍ഡിലെ എരുമക്കാട് സ്‌കൂളിലും പനി ക്ലിനിക്കും ബോധവത്കരണ ക്ലാസും നടത്തും. ഇതിനു പുറമേ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്കരണ പരിപാടികള്‍ നടത്തും. റബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍, അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ള കുപ്പികള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ തോട്ടം ഉടമകള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കും. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊതുക് -കൂത്താടി നിയന്ത്രണത്തിനായി ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ നടന്നു വരുന്നു. ഇതോടൊപ്പം വെള്ളം കെട്ടി നില്‍ക്കുന്ന പോളകളില്‍ അബേറ്റ് ഗ്രാന്യൂള്‍സ് വിതറി കൂത്താടികളെ നശിപ്പിക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചു.
ഡെപ്യുട്ടി ഡിഎംഒ ഡോ. റ്റി. അനിതാകുമാരി, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ എം.ആര്‍. അനില്‍കുമാര്‍, സി.ജി. ശശിധരന്‍, ജില്ലാ എപ്പിഡമിയോളജിസ്റ്റ് പ്രിന്‍സ് അലക്‌സാണ്ടര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജസ്‌ന എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.