കണ്ണൂര്‍ മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും ബസ്സ് 
 
കണ്ണൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരും എല്‍.എസ്.എസ്, യു.എസ്.എസ് മല്‍സര പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവരുമായി വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചേര്‍ന്ന വിദ്യാഭ്യാസ സംഗമം മികവിന്റെ ഉല്‍സവമായി മാറി. മണ്ഡലത്തിലെ എ പ്ലസ് നേടിയ അഞ്ഞൂറോളം വിദ്യാര്‍ഥികളും മല്‍സര പരീക്ഷകളില്‍ വിജയം നേടിയ ഇരുന്നൂറോളം വിദ്യാര്‍ഥികളുമുള്‍പ്പെടെ ആയിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങ് മണ്ഡലം എം.എല്‍.എയും തുറമുഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന അനുമോദന സംഗമത്തില്‍ മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു.
കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കണ്ണൂര്‍ ജില്ലയ്ക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് പ്ലസ്.ടു ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ നാം കൈവരിച്ച നേട്ടമെന്ന് മന്ത്രി പറഞ്ഞു. എം.എല്‍.ഫണ്ട് ഉപയോഗപ്പെടുത്തി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും കംപ്യൂട്ടര്‍ ലാബും സ്മാര്‍ട്ട് ക്ലാസ് മുറികളും ഒരുക്കാന്‍ ഇതിനകം നമുക്ക് സാധിച്ചും. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതയാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും സ്‌കൂള്‍ ബസ്സ് അനുവദിക്കുന്ന പദ്ധതി ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഒരു കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഗവ. ടി.ടി.ഐ മെന്‍, കണ്ണൂര്‍, നീര്‍ച്ചാല്‍ ഗവ. യു.പി, താവക്കര യു.പി, തളാപ്പ് മിക്‌സഡ് യു.പി, മുഴത്തടം യു.പി, ചേലോറ ഗവ. എച്ച്.എസ്.എസ്, കണ്ണൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി, പയ്യാമ്പലം എന്നീ സ്‌കൂളുകള്‍ക്ക് ഇതിനകം ബസ്സുകള്‍ അനുവദിച്ച് കഴിഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ ബാക്കി സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. മുണ്ടേരി ഹൈസ്‌കൂള്‍, തോട്ടട ഹൈസ്‌കൂള്‍, തോട്ടട വി.എച്ച്.എസ്.ഇ, ചേലോറ ഹയര്‍ സെക്കന്ററി, മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കണ്ണൂര്‍ പോളിടെക്‌നിക്ക് എന്നിവിടങ്ങളിലായി അനുവദിച്ച 12 കോടിയുടെ നിര്‍മാണ പദ്ധതികള്‍ പുരോഗമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. ഇതില്‍ 9 കോടി കിഫ്ബി വഴിയും 3 കോടി എം.എല്‍.എ ഫണ്ടില്‍ നിന്നുമാണ് വിനിയോഗിക്കുന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ വിശിഷ്ടാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍, പി.പി ദിവാകരന്‍, സി.വി സുരേന്ദ്രന്‍, കൗണ്‍സിലര്‍മാരായ സി സീനത്ത്, ഇ ബീന, കെ കമലാക്ഷി, എ.ഇ.ഒമാരായ കെ ഉഷ, കെ സുരേന്ദ്രന്‍, ബി.പി.ഒമാരായ എം.പി ശശികുമാര്‍, കെ പ്രകാശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മണ്ഡലം വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ എ.ടി സുധീന്ദ്രന്‍ സ്വാഗതവും മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ് നന്ദിയും പറഞ്ഞു. പി.പി ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി അനുമോദന പത്രം നല്‍കി. രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.