വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖ പദ്ധതി പ്രദേശത്തെ ജീവനോപാധി നഷ്ടപ്പെട്ട 731 കരമടി മത്സ്യത്തൊഴിലാളികള്‍ക്ക് ആളോഹരി നഷ്ടപരിഹാര തുകയായ 5.60 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജൂണ്‍ 11 ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ മേഴ്‌സിക്കുട്ടി അമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
731 കരമടി മത്സ്യത്തൊഴിലാളികള്‍ക്ക് 40.52 കോടി രൂപയാണ് വിതരണം ചെയ്യുന്നത്., വിഴിഞ്ഞം, മുല്ലൂര്‍, കോട്ടപ്പുറം, അടിമലത്തുറ പ്രദേശങ്ങളിലെ മത്സ്യബന്ധന വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ജീവനോപാധി നഷ്ടപരിഹാരം നല്‍കുന്നത്.
പദ്ധതി പ്രദേശത്ത് 433 പേര്‍ക്ക് 28.37 കോടി രൂപ നഷ്ടപരിഹാര തുക നല്‍കിയതു കൂടാതെ 1734 യന്ത്രവല്‍ക്രിതയാനങ്ങള്‍ക്ക് അധിക മണ്ണെണ്ണ വിതരണത്തിനായി 5.83 കോടി രൂപ ഇതിനകം ചിലവഴിച്ചതായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി. ഡോ. ജയകുമാര്‍ അറിയിച്ചു.