അട്ടപ്പാടിയിലെ ഭൂരഹിതരായ 222 ആദിവാസികൾക്ക് പട്ടയം നൽകുമെന്ന് ജില്ലാ കലക്റ്റർ ഡി.ബാലമുരളി പറഞ്ഞു. ആദിവാസി പുനരധിവാസ മിഷൻ ജില്ലാതല സമിതി യോഗത്തിലാണ് തീരുമാനം. അഗളി, കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലായി 169.06 ഏക്കർ ഭൂമിയാണ് പതിച്ചു നൽകുക. കൂടുതൽ പേർക്ക് ഭൂമി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കലക്റ്റർ നിർദേശം നൽകി. ചിറ്റൂർ താലൂക്കിലെ ഭൂരഹിതരായ 141 ആദിവാസികൾക്ക് മണ്ണാർക്കാട് – ഒന്ന് വില്ലേജിലെ തത്തേങ്കലത്തുള്ള 145 ഏക്കർ നിക്ഷിപ്ത വനഭൂമി പതിച്ചു നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. ചിറ്റൂർ വല്ലങ്ങി വില്ലേജിലെ ജലസേചന വകുപ്പിന്റെ 32.55 ഏക്കർ ഭൂമി 104 ഭൂരഹിതർക്ക് 20 ദിവസത്തിനകം നൽകാൻ ജില്ലാ കലക്റ്റർ തഹസിൽദാറെ ചുമതലപ്പെടുത്തി.
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിയിയുടെ ഡാറ്റ ബാങ്ക് നിർമാണം വേഗത്തിലാക്കും. ഇതിനായി ഭൂമി വിൽക്കാൻ സമ്മതമറിയിച്ച് ഇതുവരെ 76 വ്യക്തികളുടെ അപേക്ഷകൾ ലഭിച്ചു. അട്ടപ്പാടി മുക്കാലി-ചിണ്ടക്കൽ റോഡ് നിർമാണം തുടങ്ങി. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം ചെലവിട്ടാണ് ആദ്യഘട്ടത്തിൽ 0.92 കി.മീ. റോഡ് നിർമിക്കുക. 2.5 കി.മീ നീളമുള്ള റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കി പ്രവർത്തക സമിതിയുടെ അംഗീകാരത്തിന് നൽകിയിട്ടുണ്ട്. അട്ടപ്പാടി ചുരം റോഡിലുള്ള അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ കലക്റ്റർ വനം വകുപ്പിനും പി.ഡബ്ൾയു.ഡി.(നിരത്ത്) വിഭാഗത്തിനും നിർദേശം നൽകി.
ജില്ലാ കലക്റ്ററുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഒറ്റപ്പാലം സബ് കലക്റ്റർ ജെറോമിക് ജോർജ്, റവന്യു-വനം-പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.