ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ 71 വീടുകളിൽ 64 വീടുകളും പൂർത്തികരിച്ച് അടിമാലി ബ്ലോക്ക് പഞ്ചായത്ത്. മുൻക്കാലങ്ങളിൽ വിവിധ പദ്ധതികളുടെ ഭാഗമായി നിർമ്മാണം ആരംഭിച്ചിട്ടും പൂർത്തികരിക്കാൻ കഴിയാതെ വന്ന ഭവനങ്ങളുടെ പൂർത്തികരണമാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിമാലി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. ശേഷിക്കുന്ന ഏഴ് വീടുകൾകൂടി രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതോടെ ഒന്നാംഘട്ടത്തിൽ നൂറുശതമാനം വീടുകളും പൂർത്തിയാക്കിയെന്ന നേട്ടത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് എത്തും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വെള്ളത്തൂവൽ, കൊന്നത്തടി, ബൈസൺവാലി, പള്ളിവാസൽ, അടിമാലി എന്നീ അഞ്ച് പഞ്ചായത്തുകളിലാണ് വീടുകൾ അനുവദിച്ചത് .അടിമാലി ഗ്രാമപഞ്ചായത്തിനായി അനുവദിച്ച 42 വീടുകളിൽ 40 വീടുകളുടെയും നിർമ്മാണം പൂർത്തിയായി. പള്ളിവാസൽ പഞ്ചായത്തിൽ 16 വീടുകളുടെ നിർമ്മാണമാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്. ഇതിൽ പതിനൊന്നെണ്ണവും പൂർത്തിയായി. ബാക്കിയുള്ള വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലുമാണ്.
വെള്ളത്തൂവലിൽ മൂന്നും ബൈസൺവാലിയിൽ രണ്ടും, കൊന്നത്തടി പഞ്ചായത്തിൽ എട്ടും വീടുകളുടെ നിർമ്മാണം പൂർത്തിയായി. ലൈഫ് പദ്ധതിക്കായി ആകെ 1,37,66000 കോടി രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. വിവിധ ഘട്ടങ്ങളിലായി അതത് പഞ്ചായത്തുകളിൽ നിന്ന്് ശേഖരിച്ച ഉപഭോക്തൃ ലിസ്റ്റിൽ നിന്നാണ് അർഹരായവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അർഹരായവരെ കണ്ടെത്തുന്നതിനും വീടുകളുടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അടിമാലി ബ്ലോക്ക് ഡവലപ്പമെന്റ് ഓഫീസർ പ്രവീൺവാസു, ജോയിന്റ് ബി ഡി ഒ പി കെ ശ്യാമള, ലൈഫ് പദ്ധതിയുടെ ചുമതലയുള്ള ജയ കെ ആർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒമ്പത് പേരടങ്ങുന്ന സംഘമാണ് വിവരശേഖരണം നടത്തിയത്.
പഞ്ചായത്ത് അടിസ്ഥാനത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അർഹരായ 71 പേരെ ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ലൈഫ് പദ്ധതിക്കാനുപാതികമായ തുകയാണ് വീടുകളുടെ പൂർത്തികരണത്തിനായി ഉപഭോക്താക്കൾക്ക് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ, വൈസ് പ്രസിഡന്റ് മോളി പീറ്റർ, വിസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി കെ പ്രസാദ് തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും ലൈഫ് പദ്ധതിയുടെ ആദ്യഘട്ട പൂർത്തികരണത്തിന് നേതൃത്വം നൽകി വരുന്നു.