ആറു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും

സംസ്ഥാന സര്‍ക്കാരിന്റെ നവ കേരളം മിഷന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായി കോട്ടായി പഞ്ചായത്തില്‍ 450 പേര്‍ക്ക് വീട് നല്‍കാനുള്ള അന്തിമ ഗുണഭോക്തൃ പട്ടിക കോട്ടായി ഗ്രാമ പഞ്ചായത്ത് തയ്യാറാക്കി. ലൈഫ് പദ്ധതിയുടെ ഭാഗമായി 160 പേര്‍ക്ക് വീടും 290 പേര്‍ക്ക് വീടും സ്ഥലവും നല്‍കാനുള്ള ഗുണഭോക്ത പട്ടികയാണ് പഞ്ചായത്ത് തയ്യറാക്കിയിട്ടുള്ളത്. ഇത് കൂടാതെ നിര്‍മാണം പൂര്‍ത്തിയാവാത്ത അഞ്ച് വീടുകള്‍ പൂര്‍ത്തിയാക്കാനും ഫണ്ട് അനുവദിച്ചു. ഈ ഭവനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ 53,57,800 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 6.29 കോടിയുടെ 178 പദ്ധതികളാണ് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലായി വികസനത്തിന്റെ സമസ്ത മേഖലയിലും മികച്ച പ്രവര്‍ത്തനങ്ങളാണ് കോട്ടായി ഗ്രാമ പഞ്ചായത്ത് നടത്തിയത്. 2017-2018 വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി സമഗ്ര മേഖലയിലെ വികസനം ലക്ഷ്യമിട്ട് 268 പദ്ധതികള്‍ക്ക് 4.64 കോടി ചെലവഴിച്ചു.
ഉത്പാദന മേഖലയില്‍ കൃഷിയുടെ പ്രോത്സാഹനത്തിനായി ആറു പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്. ഇതിനായി 27 ലക്ഷം ചെലവാക്കി. നെല്‍വിത്ത്, ജൈവവളം, ജൈവ പച്ചക്കറി, വാഴ, പച്ചക്കറി വിത്ത്, തൈകള്‍, ഗ്രോ ബാഗ് എന്നിവ വിതരണം ചെയ്തു. ആരോഗ്യ മേഖലയുടെ പുരോഗതിക്കായി 17 ലക്ഷത്തിന്റെ 14 പദ്ധതികളാണ് രൂപീകരിച്ചത്. കോട്ടായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്കുള്ള കാത്തിരിപ്പുമുറി, പരിശോധനമുറികള്‍ എന്നിവ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ചു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് പഠന മുറിയടക്കം 12 പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പഞ്ചായത്ത് നടപ്പാക്കിയത്. ശുചിത്വ മാലിന്യ സംസ്‌ക്കരണത്തിന് മൂന്ന്, സാമൂഹിക ക്ഷേമത്തിനായി 14, കുടിവെള്ളം വിതരണം നടത്താന്‍ 33 പദ്ധതികള്‍ നടപ്പാക്കി. പ്രദേശവാസികളുടെ യാത്രാ ദുരിതം ഇല്ലാതാക്കാന്‍ റോഡുകളുടെ വികസനത്തിനായി 1.88 കോടി ചെലവില്‍ 110 പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.
2016-17ല്‍ 6.17 കോടിയുടെ 175 പദ്ധതികളാണ് നടപ്പാക്കിയത്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 52 ലക്ഷം ചെലവില്‍ നാലു പദ്ധതികളും നടപ്പാക്കി. പഞ്ചായത്തിന്റെ അടിസ്ഥാന വികസനം ലക്ഷ്യമാക്കി റോഡുകള്‍ നിര്‍മിക്കാനും നവീകരിക്കാനും 47 ലക്ഷം ചെലവഴിച്ചു. കുടിവെള്ള വിതരണം, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസക്കരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകള്‍ക്കായി 88 ലക്ഷം ചെലവഴിച്ച് 38 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.