സ്ഥലം ഉറപ്പായാല്‍ കയാക്കിങ് മത്സരം സംഘടിപ്പിക്കാനാവശ്യമായ അന്താരാഷ്ട്ര തലത്തിലുള്ള സെന്റര്‍ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സമാപന സമ്മേളനവും സമ്മാനദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ വര്‍ഷത്തെ മത്സരത്തോട്കൂടി മലബാര്‍ റിവര്‍ ഫെസ്റ്റിവലും ലോക വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ലോക കായിക ഭൂപടത്തില്‍ രേഖപ്പടുത്തപ്പെട്ടു കഴിഞ്ഞു. അന്തര്‍ദേശീയ തലത്തിലേക്ക് ഫെസ്റ്റിവല്‍ വളരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതിന് നമ്മുടെ റോഡുകളും യാത്രാ സൗകര്യങ്ങളും മെച്ചപ്പെടുത്തണം, പുഴകളുടെ ഇരു കരകളും നവീകരിക്കണം. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
സമാപന ദിവസം അരിപ്പാറ ഇരുവഴിഞ്ഞിപുഴയിലാണ് മത്സരങ്ങള്‍ നടന്നത്. ഫെസ്റ്റിവലിലെ പ്രധാന ഇനമായ ഡൗണ്‍ റിവര്‍ എക്‌സ്ട്രീം റെയ്‌സ് ആണ് ഞായറാഴ്ച നടന്ന പ്രധാന ഇനം. അരിപ്പാറ വെള്ളച്ചാട്ടത്തിന്താഴെ കൊച്ചരിപ്പാറയില്‍ നിന്നാരംഭിച്ച് കുറുങ്കയത്ത് സമാപിക്കുന്ന തരത്തിലാണ് മത്സരം ക്രമീകരിച്ചത്. 25ലധികം വിദേശ താരങ്ങളടക്കം 40 താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.  വിജയികള്‍ക്കുള്ള തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് വിശിഷ്്ടാതിഥിയായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ജില്ലാ കലക്ടര്‍ യു വി ജോസ്, മദ്രാസ് ഫണ്‍ ടൂള്‍സ് മാനേജര്‍ മണിക് തനേജ എന്നിവര്‍ സംസാരിച്ചു.