പരമ്പരാഗത വിദ്യാഭ്യാസത്തിനപ്പുറം വ്യത്യസ്ത തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യം നേടിയ തലമുറയാണ് ഇനി കേരളത്തിലുണ്ടാവുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം ചവറയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ നൈപുണ്യം നേടിക്കൊടുക്കുകയും നവീന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുകയാണ് പ്രധാനം. പാഠപുസ്തക ജ്ഞാനത്തിനപ്പുറമുള്ള   തൊഴില്‍ വൈദഗ്ധ്യമാണ് ഇന്നത്തെ തൊഴില്‍ കമ്പോളം ആവശ്യപ്പെടുന്നത്. ഇവിടെ   തുടങ്ങിയ സ്ഥാപനം ലക്ഷ്യമാക്കുന്നതും ഇതു തന്നെയാണ്.
നമ്മുടെ നാട്ടില്‍ സാങ്കേതിക-വൊക്കേഷണല്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാര്‍ക്കായി നൈപുണ്യ വികസനം ലക്ഷ്യമാക്കുന്ന ഒട്ടേറെ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കേരളാ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ഐ.ടി.ഐകള്‍, എംപ്ലോയബിലിറ്റി സെന്ററുകള്‍, ഒഡെപെക്, കെ.എസ്.ഐ.ഡി  തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി അടിസ്ഥാന പരിശീലന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
ഓയില്‍ ആന്റ് റിഗ് മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായുള്ള എസ്‌പൊയിര്‍ നൈപുണ്യ പരിശീലനം, നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ്, വിദ്യാഭ്യാസ മേഖലയിലെ ഗവേഷണങ്ങള്‍ക്കായി ക്രെറ്റ്, സെക്യൂരിറ്റി മേഖലയിലെ അധിക പരിശീലനമായ കാറ്റ്‌സ് തുടങ്ങിയവയും നടപ്പിലാക്കി.
കേരളത്തില്‍ നൈപുണ്യം നേടിയവരുടെ ലഭ്യതയും നിര്‍മാണ മേഖലയില്‍ ആവശ്യമുള്ള  നൈപുണ്യവും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് ശ്രമിക്കുന്നത്.  ആഗോളതലത്തില്‍  ഏറെ അവസരങ്ങളുള്ള നിര്‍മാണ മേഖലയില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ പരമാവധി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലടക്കം പ്രകടമാകുന്ന പുതിയ നിര്‍മാണ രീതികള്‍ക്കനുസൃതമായി മലയാളികളുടെ തൊഴില്‍ശക്തിക്ക് മാറ്റം വരുത്താനാണ് വിദഗ്ധ പരിശീലനത്തിന്റെ വഴികള്‍ തുറക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ നൈപുണ്യ വികസന പരിശീലനത്തിലെ സുപ്രധാന ചുവട് വയ്പ്പാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇവിടെ അന്തര്‍ദേശീയ നിലവാരമുള്ള 32 ക്ലാസ്സ് മുറികളും മൂന്ന് വര്‍ക്ക്‌ഷോപ്പുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും  ചേരാവുന്ന ആറു മാസം മുതല്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ സ്ഥാപനത്തിലുണ്ട്. ലോകോത്തര നിലവാരത്തിലുള്ള വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്നു സ്‌കില്‍ വികസന കോഴ്‌സുകള്‍, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, ആഗോള അക്രഡിറ്റേഷന്‍, മികച്ച തൊഴില്‍ ലഭിയ്ക്കാനുള്ള അവസരങ്ങള്‍ എന്നിവയും പുതിയ സംരംഭത്തിന്റെ  പ്രത്യേകതകളാണ്.
ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പു വരുത്തുന്ന കോഴ്‌സുകളും ഇവിടെയുണ്ട്. ഭൗതിക സൗകര്യ വികസനം, ഐ.ടി, ഐ.ടി അധിഷ്ഠിത സേവനം, ടൂറിസം, ഹോസ്പിറ്റാലിറ്റി, അഡ്വാന്‍സ്ഡ് ഐ.ടി, സംരംഭകത്വം  എന്നിവയില്‍ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ തസ്തികകളില്‍ പ്രവര്‍ത്തിക്കാനുതകുന്ന മൂന്ന് വിഭാഗത്തില്‍പ്പെട്ട കോഴ്‌സുകളുമുണ്ട്.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത മുതല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത വരെയുള്ള തൊഴില്‍ അന്വേഷകര്‍ക്കായി സംസ്ഥാന ജോബ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കാനായി.  പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകളുടെയും മറ്റ് വ്യാവസായിക പരിശീലന സ്ഥാപനങ്ങളുടെയും വിവിധ നൈപുണ്യ പരിശീലനങ്ങളുടെയും വിവരങ്ങള്‍ക്കൊപ്പം വിദ്യാര്‍ഥികളുടെ ഒരു സ്‌കില്‍ രജിസ്ട്രി തന്നെയാണ് സര്‍ക്കാര്‍ ഇതുവഴി ഒരുക്കുന്നത്. എല്ലാ തലത്തിലുള്ള തൊഴില്‍ ദാതാക്കളെയും     ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശക്തമായ ഒരു തൊഴില്‍ നയമാണ് സര്‍ക്കാരിന്റേത്. തൊഴിലാളികള്‍ക്കും നഴ്‌സുമാര്‍ക്കും ഉള്‍പ്പെടെ മിനിമം വേതനം ഉറപ്പാക്കി.  കയറ്റിറക്ക് മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കാനായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, അഡ്വ. കെ. രാജു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
എന്‍. വിജയന്‍പിള്ള എം.എല്‍.എ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എ മാരായ കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, മറ്റു ജനപ്രതിനിധികള്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ബിജു, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് എം.ഡി. ഡോ. ശ്രീറാം വെങ്കട്ടരാമന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, രാഷ്ട്രീയകക്ഷി നേതാക്കള്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.