മേപ്പാടി: ആശകളും ആശങ്കകളും പങ്കുവച്ച് മൂപ്പൈനാട് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭ ചേര്‍ന്നു. ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലായി നടന്ന കര്‍ഷകസഭയില്‍ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. കൃഷിവകുപ്പിന്റെ 2018-19 വര്‍ഷത്തെ കുരുമുളകു വികസനം, പച്ചക്കറി വികസനം, ജനകീയാസൂത്രണ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്തു. മണ്ണു പരിശോധനയുടെ ആവശ്യകത, മണ്ണ് എടുക്കേണ്ട വിധം, പരിശോധനയുടെ അടിസ്ഥാനത്തില്‍ വളം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളും കര്‍ഷക രജിസ്ട്രേഷന്‍ സംബന്ധിച്ചും വിശദീകരിച്ചു.
വന്യമൃഗശല്യത്താല്‍ കൃഷിയിറക്കാന്‍ കഴിയുന്നില്ലെന്നു യോഗത്തില്‍ കര്‍ഷകര്‍ പരാതിപ്പെട്ടു. കുരങ്ങുശല്യമാണ് പ്രധാന പ്രശ്‌നം. കൂട്ടത്തോടെയെത്തുന്ന കുരങ്ങുകള്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും തിന്നു നശിപ്പിക്കുകയാണ്. ഇതിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കവുങ്ങ്, കാപ്പി കൃഷികള്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുക, വളം നല്‍കേണ്ട സമയത്തിനു മുമ്പുതന്നെ മണ്ണ് പരിശോധന ഫലം ലഭ്യമാക്കുക, വളം നല്‍കുന്ന പദ്ധതികള്‍ മഴക്കാലത്തിന് മുമ്പ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ടുവച്ചു. ഇക്കാര്യങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കുമെന്നു ബന്ധപ്പെട്ടവര്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. വാര്‍ഡ് അംഗങ്ങളുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.