ശുചീകരണപ്രവര്‍ത്തനങ്ങള്‍ രംഗത്തുളളത് സന്നദ്ധസംഘടനകള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍
ജില്ലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാസയോഗ്യമല്ലാതായി തീര്‍ന്ന വീടുകളുടെ ശുചീകരണത്തിനും തകരാറിലായ പ്ലംബിങ് -ഇലക്ട്രിക്ക് അറ്റകുറ്റപണികള്‍ ഉള്‍പ്പെടെ നിര്‍വഹിക്കുന്നതിനായി സന്നദ്ധ സംഘടനകളില്‍ നിന്നുള്‍പ്പെടെ ആയിരത്തോളം പേര്‍ രംഗത്തുളളതായി ഹരിതകേരളം മിഷന്‍ -ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റമാരായ വൈ .കല്ല്യാണകൃഷ്ണന്‍, ബെനില ബ്രൂണോ.  എന്നിവര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 11-ഓളം സന്നദ്ധസംഘടനകളില്‍ നിന്നായി 200-ഓളം പേരുളളതായി ബന്ധപ്പെട്ട കലക്ടറേറ്റ്  അധികൃതര്‍ അറിയിച്ചു. പൊലീസ്, ഫയര്‍ഫോഴ്‌സ്, ഹരിതകേരളമിഷന്‍, ജില്ലാശുചിത്വമിഷന്‍, തൊഴിലുറപ്പ്, കുടുംബശ്രി വകുപ്പുകളില്‍ നിന്നായി 800 പേരുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ഇത്തരത്തില്‍ അകത്തേത്തറ പഞ്ചായത്തിലെ ആണ്ടിമഠത്ത് 60-പതോളം വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അങ്കവാല്‍ പറമ്പ് കോളനിയില്‍ 36-ഓളം വീടുകളുടെ ശുചീകരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും. പുതുശ്ശേരി പഞ്ചായത്തിലെ കയ്യാമരക്കോട് ആറോളം വീടുകള്‍ വൃത്തിയാക്കി. അവയുടെ വൈദ്യുത തകരാറുകള്‍ നീക്കിയാല്‍ വാസയോഗ്യമാകുന്നതാണ്. ശേഖരിപുരത്തും ശംഖുവാരത്തോടും സുന്ദരംകോളനിയിലും ഇത്തരത്തില്‍ സംയോജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോ.കെ.വാസുദേവന്‍ പിളളയുടെ നേതൃത്വത്തില്‍ കിണറുകളിലെ ജലപരിശോധനയും സജീവമായി നടക്കുന്നുണ്ട്.
    ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുളള സംഘം പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഗ്ലൗസുള്‍പ്പെടെയുളള സുരക്ഷാ സാമഗ്രികള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരും സന്നദ്ധ സംഘടനകളും വിതരണം ചെയ്യുന്നുണ്ട്. ശുചീകരണപ്രവര്‍ത്തനം നടത്തുന്നവര്‍ പ്രതിരോധമരുന്നുകള്‍ സ്വീകരിച്ചും സുരക്ഷാസാമഗ്രികള്‍ ഉപയോഗിച്ചും മാത്രമെ രംഗത്തിറങ്ങാവൂയെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.