മഴക്കെടുതിമൂലം കേരളം നേരിടുന്ന ദുരിതങ്ങളില്‍ രക്ഷാദൗത്യവുമായി കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് ജീവനക്കാര്‍. ദുരന്തമുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഭൂരിഭാഗവും ഫയര്‍ ആന്റ് റസ്‌ക്യൂ സഹായത്തോടെയായിരുന്നു. ഡയറക്ടര്‍ ജനറല്‍, ഡയറക്ടര്‍ ടെക്‌നിക്കല്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും കര്‍മമുഖത്താണ്. വെള്ളം കയറിയ മേഖലകളിലും മണ്ണിടിഞ്ഞിടങ്ങളിലും മരങ്ങള്‍ കടപുഴകിയ സ്ഥലങ്ങളിലും ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലാണ് അപകടങ്ങള്‍ കുറച്ചത്.
മണ്ണിടിച്ചിലില്‍ പെട്ട 85 ലേറെപേരെയും, വെള്ളപ്പൊക്കത്തില്‍പ്പെട്ട 55 ലേറെ പേരെയും ഫയര്‍ഫോഴ്‌സ് രക്ഷിച്ചു.മണ്ണിടിച്ചിലില്‍ മരിച്ച 11 പേരുടെ ശരീരങ്ങള്‍ കണ്ടെത്തി. വെള്ളം കയറി പ്രദേശങ്ങളില്‍ നിന്ന് 12,860 പേരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു. മറ്റു അപകടമേഖലകളില്‍നിന്ന് സുരക്ഷിതരാക്കിയവരുടെ എണ്ണം 14,600 ആണ്.അത്യാഹിതങ്ങള്‍ക്ക് സാധ്യതയുള്ള മേഖലകളില്‍നിന്ന് ഒഴിപ്പിച്ചവര്‍ 2480 പേരാണ്. 1250 ഓളം സ്ഥലങ്ങളില്‍ ഗതാഗതതടസ്സം നീക്കാനും ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗത്തിനായി. കൂടുതല്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനവുമായി ജീവനക്കാര്‍ ഇപ്പോഴും സജീവമാണ്.