ഇ. പി. ജയരാജൻ വ്യവസായ, കായിക മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിയായി സഗൗരവമാണ് പ്രതിജ്ഞയെടുത്തത്.
രാവിലെ പത്തു മണിക്ക് ചീഫ് സെക്രട്ടറി ടോംജോസ് സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും അനുമോദിച്ചു. തുടർന്ന് മന്ത്രിമാരും മറ്റു പ്രമുഖ വ്യക്തികളും അനുമോദിക്കാനെത്തി.
മന്ത്രിമാരായ എ. കെ. ബാലൻ, ഇ. ചന്ദ്രശേഖരൻ, ഡോ. ടി. എം. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, എ. കെ. ശശീന്ദ്രൻ, എ. സി. മൊയ്തീൻ, ജി. സുധാകരൻ, എം. എം. മണി, ഡോ. കെ. ടി. ജലീൽ, വി. എസ്. സുനിൽകുമാർ, മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ. കെ. ശൈലജ ടീച്ചർ, ജെ. മേഴ്‌സിക്കുട്ടിയമ്മ, ടി. പി. രാമകൃഷ്ണൻ, പി. തിലോത്തമൻ, കെ. രാജു, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഗവർണറുടെ ഭാര്യ സരസ്വതി, മുഖ്യമന്ത്രിയുടെ ഭാര്യ കമല, ഇ. പി. ജയരാജന്റെ കുടുംബാംഗങ്ങൾ, എം. എൽ. എമാർ, ജനപ്രതിനിധികൾ, വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ, ജി. എ. ഡി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാജ്ഭവനിൽ നിന്ന് സെക്രട്ടേറിയറ്റിലെത്തിയ മന്ത്രി രാവിലെ 10.45ന് ഓഫീസിലെത്തി ചുമലതയേറ്റു. സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ്‌വിച്ച് ബ്‌ളോക്കിൽ മൂന്നാം നിലയിലെ 216 ാം നമ്പർ മുറിയാണ് മന്ത്രി ഇ. പി. ജയരാജന് അനുവദിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ. ഇളങ്കോവൻ, വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ സ്വീകരിക്കാൻ ഓഫീസിലെത്തിയിരുന്നു. തുടർന്ന് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.