കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി മൂലമുണ്ടായ ദുരിതങ്ങളില്‍ വലയുന്നവര്‍ക്ക് ആശ്വാസമായി കുടുംബശ്രീ മിഷന്‍. പ്രതിസന്ധികള്‍ക്കിടയിലും നിക്ഷേപത്തില്‍ നിന്നും ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനൊരുങ്ങുകയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍. ജില്ലയിലെ 9,250 അയല്‍ക്കൂട്ടങ്ങളിലായുള്ള 1.25 ലക്ഷം അയല്‍ക്കൂട്ടങ്ങളുടെ ഓരാഴ്ചയിലെ നിക്ഷേപത്തുക കുടുംബശ്രീ
എക്സിക്യൂട്ടീവ് ഡയറക്ടര്‍ വഴി മുഖ്യമന്ത്രിക്ക് കൈമാറും. ജില്ലയില്‍ ദുരിതം ബാധിച്ച ഭൂരിഭാഗം കുടുംബങ്ങളിലുള്ളവരും കുടുംബശ്രീ അംഗങ്ങളാണ്. വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട് നിസഹായാവസ്ഥയിലുള്ള ഇവരെ സഹായിക്കുന്നതിന് മറ്റു കുടുംബശ്രീ അംഗങ്ങളെല്ലാം
മുന്നിട്ടിറങ്ങിയിരുന്നു. എങ്കിലും ജില്ലാ മിഷന്റെ നിര്‍ദേശം മാനിച്ച് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കാന്‍ സന്നദ്ധരാവുകയായിരുന്നു. ജില്ലയില്‍ മഴക്കെടുതി അനുഭവിക്കുന്ന മുഴുവന്‍ പ്രദേശങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ സഹായവുമായെത്തുന്നുണ്ട്. ക്യാമ്പുകളിലും മറ്റു വീടുകളിലും താല്‍ക്കാലിക അഭയം തേടിയിട്ടുള്ളവര്‍ക്ക് ഭക്ഷണം, വസ്ത്രം, തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നു. ജില്ലയില്‍ ഏകദേശം പതിനായിരത്തോളം കുടുംബശ്രീ അംഗങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങളുടെയും എഡിഎസ്, സിഡിഎസ് സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ഇവര്‍ക്ക് വിവിധ സാധനസാമഗ്രികള്‍ എത്തിച്ചു നല്‍കിയിരുന്നു. കൂടാതെ ജില്ലാ മിഷന്‍ ടീം അംഗങ്ങള്‍, സ്നേഹിത ജീവനക്കാര്‍, സിഡിഎസ് അക്കൗണ്ടന്റുമാര്‍, സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങള്‍, സംരംഭകര്‍ എന്നിവരില്‍ നിന്നു തുക സ്വരൂപിക്കുന്നതിനും ജില്ലാ മിഷന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന തുക ഉപയോഗിച്ച് വെള്ളം കയറി എല്ലാം നശിച്ച വീടുകളിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കും. പ്രധാനമായും സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍, അടുക്കളയിലേക്കുള്ള പാത്രങ്ങള്‍, ശുചീകരണ സാധനങ്ങള്‍ എന്നിവയാണ് വാങ്ങി നല്‍കുക. വാസയോഗ്യമല്ലാതായിത്തീര്‍ന്ന വീടുകള്‍ ശുചിയാക്കുന്നതിനും കുടുംബശ്രീ നേതൃത്വം നല്‍കും. ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഹരിതകര്‍മസേന അംഗങ്ങളെ ഇതിനായി നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വൈത്തിരി, പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി എന്നി പഞ്ചായത്തുകളില്‍ ഈ ആഴ്ചയില്‍ തന്നെ ശുചീകരണം നടത്തും. കൂടാതെ എല്ലാ പഞ്ചായത്തുകളിലുമുള്ള കമ്മ്യൂണിറ്റി വളന്റിയര്‍മാര്‍, എഡിഎസ് എന്നിവരുടെയും പങ്കാളിത്തം ഉറപ്പാക്കും. ഇതിനകം നൂറോളം വീടുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇവയെല്ലാം ഏകോപിപ്പിച്ച് പരമാവധി ആളുകളിലേക്ക് ആശ്വാസമെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി. സാജിത അറിയിച്ചു.