പുതുപ്പാടി പഞ്ചായത്ത് കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പൊട്ടിയ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ദുരന്തം സംഭവിച്ച മേഖലകളിലെ നാശനഷ്ടങ്ങള്‍ കണക്കാക്കി സംസ്ഥാന സര്‍ക്കാറിന് ചെയ്യാന്‍ പറ്റുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി  പറഞ്ഞു. കണ്ണപ്പന്‍ കുണ്ടിലെ ഉരുള്‍പൊട്ടിയ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 8316 കോടിയുടെ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ 100 കോടിയാണ് സഹായം പ്രഖ്യാപിച്ചത്. 1250 കോടിയുടെ സഹായം വേണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മുമ്പില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. വിശദമായ കണക്കുകള്‍ സമര്‍പ്പിക്കുന്ന മുറക്ക് കൂടുതല്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുഭാവപൂര്‍വമായ സമീപനമാണ് കേന്ദ്രത്തി ല്‍ നിന്ന് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യത്യസ്ത ജില്ലകളില്‍ വിവിധ സ്വഭാവത്തിലാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. 10 ജില്ലകളില്‍  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ പ്രദേശങ്ങളിലെയും പ്രത്യേകതക്കനുസരിച്ച് അതാത് ഇടങ്ങളില്‍ ആവശ്യമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കണമെന്ന പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറക്ക് സഹായങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്ത് കൊണ്ട് ദുരന്തത്തെ നേരിടുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടിയ മട്ടിക്കുന്ന് പാലം, കണ്ണപ്പന്‍കുണ്ട് പാലം, ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന മണല്‍വയല്‍ എ.കെ.ടി.എം സ്‌കൂള്‍, മൈലള്ളാംപാറ സെന്റ് ജോസഫ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ്  മന്ത്രി സന്ദര്‍ശിച്ചത്. ജോര്‍ജ് എം. തോമസ് എ.ംഎല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി.ഡി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മമാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് ജോസ്, ഒതയോത്ത് അഷ്റഫ്, തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് എന്നിവരും മന്ത്രിയെ അനുഗമിച്ചു.