കോഴഞ്ചേരിയിലെയും ആറന്മുളയിലെയും
രക്ഷാപ്രവര്‍ത്തനം കളക്ടര്‍ നേരിട്ട് വിലയിരുത്തുന്നു 
കോഴഞ്ചേരിയിലെയും ആറന്മുളയിലെയും രക്ഷാപ്രവര്‍ത്തനം നേരിട്ട് വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് കോഴഞ്ചേരിയിലേക്ക് പുറപ്പെട്ടു. ജില്ലാ കളക്ടര്‍ക്കൊപ്പം അടൂര്‍ ആര്‍ഡിഒ എം.എ റഹീമും കോഴഞ്ചേരിയിലെയും ആറന്മുളയിലെയും രക്ഷാപ്രവര്‍ത്തന നടപടികള്‍ ഏകോപിപ്പിക്കും. കോഴഞ്ചേരി, ആറന്മുള ഭാഗങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ വീടുകളില്‍ കുടുങ്ങി കിടന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു വരുകയാണ്. റാന്നി താലൂക്കില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു വരുകയാണ്. തിരുവല്ല താലൂക്കില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ നീണ്ടകരയില്‍ നിന്ന് എത്തിച്ച നാല് ബോട്ടുകള്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കുടുങ്ങി കിടക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ വീടുകളില്‍ കുടുങ്ങിയിട്ടുള്ളവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് നീണ്ടകരയില്‍ നിന്നുള്ള എട്ടു ബോട്ടുകള്‍ പ്രവര്‍ത്തനം നടത്തി വരുന്നു. ഏഴ് എണ്ണം കോഴഞ്ചേരിയിലും ഒരെണ്ണം റാന്നിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. നാലു ബോട്ടുകള്‍ കൂടി നീണ്ടകരയില്‍ നിന്നും തിരുവല്ലയില്‍ എത്തിച്ചിട്ടുണ്ട്. റാന്നിയില്‍ ജലനിരപ്പ് രണ്ട് അടിയോളം താഴ്ന്നിട്ടുള്ള സാഹചര്യത്തില്‍ അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഇവ തിരുവല്ലയില്‍ വിന്യസിച്ചത്. എന്‍ഡിആര്‍എഫിന്റെ മൂന്ന് ഡിങ്കി ടീമുകള്‍ റാന്നിയിലും അഞ്ച് ഡിങ്കി ടീമുകള്‍ കോഴഞ്ചേരിയിലും രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നു. എന്‍ഡിആര്‍എഫിന്റെ ആറു ബോട്ടുകള്‍ ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളിലും മൂന്നു ബോട്ടുകള്‍ റാന്നിയിലും രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നു. എന്‍ഡിആര്‍എഫിന്റെ ഒരു ബോട്ട് പത്തനംതിട്ടയില്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. പത്തനംതിട്ട നഗരസഭാ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആണ് ഈ ക്രമീകരണം. എറണാകുളത്തു നിന്നും അഞ്ച് സ്പീഡ് ബോട്ടുകളും തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള മൂന്നു ബോട്ടുകളും ഉടന്‍ എത്തും. ഇന്നലെ(15) രണ്ട് ഹെലികോപ്ടറുകള്‍ റാന്നിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഒരു തവണ അഞ്ചു പേരെയാണ് ഹെലികോപ്ടറുകളില്‍ രക്ഷപ്പെടുത്തുവാന്‍ കഴിയുന്നത്. ഇന്നും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
റാന്നി താലൂക്കില്‍ ജലനിരപ്പ് താഴ്ന്നിട്ടുള്ള സാഹചര്യത്തില്‍ അപ്പര്‍ക്കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ഉയര്‍ന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുവാന്‍ തയാറാകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ പുതപ്പുകള്‍, കിടക്കകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ക്യാമ്പുകളില്‍ എത്തിക്കുകയോ, കണ്‍ട്രോള്‍ റൂമുകളില്‍ എത്തിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിആര്‍എഫിന്റെ 10 ടീം കൂടി രക്ഷാ പ്രവര്‍ത്തനത്തിനായി ജില്ലയില്‍ ഇന്ന് എത്തിയിട്ടുണ്ട്. നേരത്തെ എത്തിയ അഞ്ചു ടീമുകളെ ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരുന്നു. ഇതോടെ ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ എന്‍ഡിആര്‍എഫ് ടീമുകളുടെ എണ്ണം 15 ആയി. വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് എന്‍ഡിആര്‍എഫിന്റെ സേവനം വളരെ സഹായകമായിട്ടുണ്ട്.