പ്രളയക്കെടുതിയിൽപെട്ട് ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട്  മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കേരളത്തിലേക്ക് കൂടുതൽ എൻഡിആർഎഫ് ടീമിനെ എത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും സംസ്ഥാനവുമായി സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ട്വിറ്ററിൽ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ പ്രതിരോധ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും  കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ട്വിറ്ററിൽ അറിയിച്ചു. കൂടുതൽ ഹെലികോപ്റ്ററുകൾ അനുവദിക്കാൻ നടപടി സ്വീകരിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.