സർക്കാർ നിലകൊള്ളുന്നത് ഭക്തജനങ്ങൾക്കൊപ്പം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാന സർക്കാർ ദശലക്ഷക്കണക്കിനു വരുന്ന ഭക്തജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അമ്പലം വിഴുങ്ങികളോടൊപ്പമല്ലെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില അമ്പലംവിഴുങ്ങികളായ ആളുകൾക്ക് കുറച്ച് വിഷമമുണ്ടാക്കിയിട്ടുണ്ട്. അവരുടെ വിഷമം സർക്കാർ പരിഗണിക്കുന്നില്ല. അമ്പലങ്ങളിൽ തങ്ങളുടെ ജീവിത ദുരിതങ്ങളും പ്രയാസങ്ങളും എല്ലാം ഇറക്കി വയ്ക്കാൻ വരുന്നവരാണ് ദശലക്ഷക്കണക്കിനുളള ഭക്തർ. അവർക്ക് ശാന്തിയും സമാധാനവുമാണ് ക്ഷേത്രങ്ങളിൽ ഉണ്ടാകേണ്ടത്.
ഉദ്യോഗസ്ഥരുടെ കഴിവുകളെ ഉപയോഗപ്പെടുത്തി സുതാര്യവും അഴിമതി രഹിതവുമായ ഭരണം ശബരിമലയ്ക്ക് സംഭാവന ചെയ്യാനും 305 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഒരു വർഷക്കാലയളവിനുള്ളിൽ പൂർത്തീകരിക്കാനും ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമലയുടെ പരിശുദ്ധിയും പ്രകൃതി സൗന്ദര്യവും ഉൾപ്പെടെ എല്ലാ നല്ല മൂല്യങ്ങളും സംസ്‌കൃതിയും അനുഷ്ഠാനങ്ങളും സംരക്ഷിച്ച് മുന്നോട്ടു പോകുന്നതിന് പുതിയ ദേവസ്വം ബോർഡിനൊപ്പം സംസ്ഥാന സർക്കാരുണ്ടാകും.
തിരുവിതാംകൂർ ദേവസ്വം ബോർഡിനേക്കാൾ കൂടുതൽ അമ്പലങ്ങളുള്ളതാണ് മലബാർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അത്ര സാമ്പത്തിക ശേഷി മലബാർ ദേവസ്വം ബോർഡിനില്ല. പുതിയ ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തിൽ മലബാർ ദേവസ്വം ബോർഡ് രൂപീകരിക്കപ്പെട്ടിട്ട് കുറച്ചു വർഷങ്ങളേ ആയിട്ടുള്ളു. ഇതിന്റേതായ ബാലാരിഷ്ടതകളുണ്ട്. വരുന്ന നിയമസഭാ സമ്മേളനത്തിൽ മലബാർ ദേവസ്വം നിയമം സമഗ്രമായി പരിഷ്‌കരിക്കും. മലബാർ ദേവസ്വം നിയമം പരിഷ്‌കരിച്ചു കഴിയുമ്പോൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പോലെയോ, അതിലധികമായോ ഉള്ള സാമ്പത്തിക ഭദ്രതയും മറ്റുമുള്ളതായി മലബാർ ദേവസ്വം ബോർഡ് മാറും.
മലബാർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമാണ്. ഗുരുവായൂർ ദേവസ്വത്തിന്റെ കാലാവധിയും രണ്ടു വർഷമാണ്. കൂടൽ മാണിക്യം ദേവസ്വത്തിന്റെ കാലാവധിയും രണ്ട് വർഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ കാലാവധി രണ്ടു വർഷമാക്കി. കൊച്ചിൻ ദേവസ്വം ബോർഡിലും സമീപഭാവിയിൽ തന്നെ രണ്ടു വർഷമായി കാലാവധി ചുരുക്കും. കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിലും ഏകീകൃതമായിട്ടുള്ള ഒരു കാലാവധി നിശ്ചയിക്കാനാണ് സർക്കാർ തയാറായിട്ടുള്ളത്.
കേരളപിറവിക്കു ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ശബരിമലയ്ക്ക് മാത്രമായി നോക്കിയാൽ പോലും ഏറ്റവും വലിയ ബജറ്റ് വിഹിതം നീക്കിവച്ച സർക്കാരാണ് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ. കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതി അടക്കം 305 കോടി രൂപയുടെ വികസന പദ്ധതികളാണ് ശബരിമലയ്ക്കായി തയാറാക്കിയിട്ടുള്ളത്.
കഴിഞ്ഞ കാലങ്ങളിൽ സർക്കാർ അനുവദിച്ച പണത്തിന്റെ 50 ശതമാനം പോലും ചെലവഴിക്കാൻ സാധിക്കാതെ പോകുന്ന സ്ഥിതിയായിരുന്നു. കഴിഞ്ഞ തീർഥാടന കാലത്താണ് മുഖ്യമന്ത്രി ഇടത്താവളങ്ങൾ ഉണ്ടാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതു പ്രകാരം കാസർഗോഡു മുതൽ നെയ്യാറ്റിൻകര വരെയുള്ള 37 പ്രധാനപ്പെട്ട അമ്പലങ്ങൾ തിരഞ്ഞെടുത്തു. ഒൻപത് അമ്പലങ്ങളിലെ പണി ആരംഭിക്കുന്നതിനു വേണ്ടി ചില പൊതുമേഖലാ സ്ഥാപനങ്ങളുമായി കരാറും ഉണ്ടാക്കി കഴിഞ്ഞു. 10 മുതൽ 17 കോടി രൂപ വരെ ചെലവു വരുന്ന ഇടത്താവളങ്ങളാണിവ. ഒരു പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തിൽ ഒരു ക്ഷേത്രത്തിന്റെ സാന്നിധ്യം ജനങ്ങൾക്ക് അനുഭവേദ്യമാകുന്ന തരത്തിലുള്ള ഇടത്താവള നിർമാണമാണ് നടക്കുന്നത്. വർഷം മുഴുവനും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഇടത്താവള നിർമാണം സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവലായി മാറും. സന്നിധാനത്ത് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ ഗവൺമെന്റ് ആശുപത്രി കെട്ടിടം 2014ൽ ഉദിച്ച ആശയമാണ്. 2017 വരെ ഭരണാനുമതി പോലും നൽകിയില്ല. ഇത് കഴിഞ്ഞ 10 മാസക്കാലയളവിനുള്ളിൽ പൂർത്തിയാക്കി സന്നിധാനത്തു സമർപ്പിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ ഇച്ഛാശക്തിയാണ്.
ശബരിമല മണ്ഡല കാല തീർഥാടനം ഭംഗിയായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. തൃപ്തികരമായ രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ശബരിമലയിൽ എത്തിച്ചേരുന്ന ദശലക്ഷക്കണിക്കിനു വരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും നൽകുന്നതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പൂർത്തീകരിക്കാൻ ദേവസ്വം ബോർഡിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേവസ്വം നിയമനങ്ങളിൽ സംവരണം ലഭിച്ചിരുന്ന വിഭാഗങ്ങൾക്ക് കൂടുതൽ സംവരണാനുകൂല്യം നൽകി കൊണ്ടാണ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയാറായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

രാജു ഏബ്രഹാം എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മെമ്പർമാരായ കെ. രാഘവൻ, കെ.പി. ശങ്കരദാസ്, ദേവസ്വം കമ്മീഷണർ രാമരാജ പ്രേമപ്രസാദ്, ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഐജിമാരായ മനോജ് ഏബ്രഹാം, പി. വിജയൻ, എഡിഎം അനു എസ്. നായർ, എക്സിക്യുട്ടീവ് ഓഫീസർ ചന്ദ്രശേഖരൻ നായർ, ചീഫ് എൻജിനിയർ ശങ്കരൻപോറ്റി തുടങ്ങിയവർ പങ്കെടുത്തു.