വനം-വന്യജീവി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് കൂടുതല്‍ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മിക്കുമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. മണ്ണാര്‍ക്കാട് വനം ഡിവിഷന് കീഴില്‍ പുതുതായി നിര്‍മിച്ച പാലക്കയം മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.      സംസ്ഥാനത്തെ മുഴുവന്‍ വനവും ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഫോറസ്റ്റ് സ്റ്റേഷനുകള്‍ ശക്തിപ്പെടുത്തും. വനംസംരക്ഷണ പ്രവര്‍ത്തനങ്ങളെല്ലാം ഫോറസ്റ്റ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാകും. ജനവാസമേഖലകളില്‍ വന്യജീവി ആക്രമണം തടയാന്‍ വനം വകുപ്പ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത് പാലക്കാട് ജില്ലയ്ക്കാണ്. വൈദ്യുതി വേലി, ട്രഞ്ചുകള്‍ ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കും. സംസ്ഥാനത്തുടനീളം 204 ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. മനുഷ്യന്‍ പ്രകൃതിയെ പീഡിപ്പിച്ചതിന്റെ ഫലമായാണ് വന്യജീവികള്‍ ജനവാസമേഖലകളിലെത്തുന്നത്. പ്രകൃതി വിഭവങ്ങള്‍ മനുഷ്യന് മാത്രമായുള്ളതല്ല. വരും തലമുറക്ക് ശുദ്ധവായുവും ജലവും ഉറപ്പാക്കേണ്ടത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്വമാണ്.

 മന്ത്രിതല യോഗം ചേരും -മന്ത്രി കെ. രാജു

വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ വനം-റവന്യു തര്‍ക്കഭൂമി പ്രശ്‌ന പരിഹാരത്തിനായി വനം-റവന്യുവകുപ്പ് സംയുക്ത മന്ത്രിതല യോഗം ചേരുമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മണ്ണാര്‍ക്കാട് വനം ഡിവിഷന് കീഴില്‍ പുതൂര്‍ മാതൃകാ വനം സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ഭൂമിപ്രശ്‌ന പരിഹാരത്തിനായി വനം വകുപ്പിന്റെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കും. ഇതിനുള്ള നിര്‍ദേശം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയിട്ടുണ്ട്. നിലവില്‍ പ്രശ്‌നപരിഹാരത്തിനായി ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. സമിതികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം ശക്തമാക്കണം. വനത്തില്‍ പരമ്പരാഗതമായി താമസിച്ച് കൃഷിചെയ്യുന്നവര്‍ക്കാണ് വനാവകാശ സംരക്ഷണ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. വനാവകാശ സംരക്ഷണ നിയമങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചയും വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. വനാതിര്‍ത്തി കൃത്യമായി തിട്ടപ്പെടുത്തും. ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ വരുന്ന പ്രദേശങ്ങള്‍ ഗസറ്റ് വിജ്ഞാപനം നടത്തി ഏകീകരിക്കും. ജനങ്ങള്‍ക്ക് നേരിട്ട് ഇടപെടാന്‍ കഴിയുന്ന രീതിയില്‍ ഫോറസ്റ്റ് സ്റ്റേഷന്റെ പ്രവര്‍ത്തഞങ്ങള്‍ നവീകരിക്കും. പുതുതായി 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പുതുതായി 15 ഫോറസ്റ്റ് സ്റ്റെഷനുകള്‍ അടുത്ത വര്‍ഷം നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി വഴി ആദിവാസി കുടുംബങ്ങള്‍ക്കായി വനം വകുപ്പ് നടപ്പിലാക്കുന്ന പാചകവാതക വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.