- പുതിയ ആശുപത്രി കെട്ടിടം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു
തീർഥാടകർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സന്നിധാനത്ത് നിർമാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്നുള്ള 5.43 കോടി രൂപ ചെലവിട്ടാണ് മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 1,692 സ്‌ക്വയർ മീറ്റർ വിസ്തീർണമുണ്ട്. അടിയന്തര വൈദ്യസഹായം ഏർപ്പെടുത്തുന്നതിനുള്ള സൗകര്യം ആശുപത്രിയിൽ എപ്പോഴും ലഭ്യമായിരിക്കും. ഒ.പി., ഇ.സി.ജി. റൂം, ഫാർമസി, അത്യാഹിത വിഭാഗം എന്നിവ ഗ്രൗണ്ട് ഫ്‌ളോറിൽ സജ്ജമാക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു., ലാബ്, എക്‌സ്‌റേ റൂം, അഡ്മിനിസ്‌ട്രേറ്റീവ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്. മെഡിക്കൽ ഉപകരണങ്ങളായ സെമിയാറ്റോ അനലൈസർ, ബൈനോക്കുലർ മൈക്രോസ്‌കോപ്പ്, മൾട്ടിപാരാ മോണിട്ടർ, ഇ.സി.ജി. മെഷീൻ തുടങ്ങിയവ സജ്ജമാണ്. നിർമാണ പ്രവൃത്തികളുടെ മേൽനോട്ട ചുമതല ബി.എസ്.എൻ.എൽ ആണ് നിർവഹിച്ചത്. 20 പാസഞ്ചർ ബെഡ്‌ലിഫ്റ്റ്, ജനറേറ്റർ എന്നിവ ഉടൻ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടു പോകുന്നു.
ചെന്നൈയിൽ നിന്നുള്ള അയ്യപ്പഭക്തർ സംഭാവന ചെയ്ത ഓഫ് റോഡ് എമർജൻസി വെഹിക്കിൾ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കും. രാജു എബ്രഹാം എം.എൽ.എ., ദേവസ്വം പ്രസിഡന്റ് പത്മകുമാർ, ബോർഡ് അംഗങ്ങളായ കെ.രാഘവൻ, കെ.പി.ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ദേശീയ ആരോഗ്യദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.