മികച്ച താല്‍ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാരും ദേവസ്വം ബോര്‍ഡും
 പമ്പയില്‍ പ്രളയം കനത്ത നാശം വിതച്ച ശേഷം ശബരിമലയില്‍ കന്നി മാസ പൂജയ്ക്കായി ഇന്നലെ നട തുറന്നപ്പോള്‍ വന്‍ ഭക്തജന പ്രവാഹം. ആയിരക്കണക്കിന് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തി മനം നിറച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ ശബരിമല മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് നെയ് വിളക്ക് തെളിച്ചപ്പോള്‍ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി. നട തുറന്ന് അല്‍പ സമയം കഴിഞ്ഞപ്പോള്‍ അനുഗ്രഹവര്‍ഷമെന്ന പോലെ സന്നിധാനത്തും പരിസരത്തും കനത്ത മഴ പെയ്തു. അടുത്ത ഒരു വര്‍ഷത്തേക്ക് താന്ത്രിക സ്ഥാനം വഹിക്കുന്ന കണ്ഠര് രാജിവര് ഇന്നലെ ചുമതലയേറ്റു.
ഇന്നലെ പുലര്‍ച്ചെ തന്നെ അയ്യപ്പന്മാര്‍ നിലയ്ക്കലേക്കു വന്നു തുടങ്ങിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പ് വരെയാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ അവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസിലാണ് അയ്യപ്പന്മാര്‍ വരുകയും പോകുകയും ചെയ്യുന്നത്. പമ്പയിലെ ത്രിവേണി പാലത്തിന് മുകള്‍ വശത്തായി സ്‌നാനത്തിനായി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പിതൃതര്‍പ്പണത്തിനായി ബലിത്തറയും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണത്തിനുള്ള സൗകര്യം, ബയോടോയ്‌ലറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പ്രളയം തകര്‍ത്ത പമ്പ ത്രിവേണിയില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് നടത്തിയ മികവുറ്റ പ്രവര്‍ത്തനത്തിലൂടെ സമയബന്ധിതമായി താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയാണ് അയ്യപ്പന്മാരെ കന്നിമാസ ദര്‍ശനത്തിനായി സന്നിധാനത്തേക്കു കടത്തി വിട്ടത്. കന്നിമാസ പൂജയ്ക്കു ദര്‍ശനം ഒരുക്കുന്നതിനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ കെ. രാഘവനും കെ.പി. ശങ്കരദാസും പമ്പ കേന്ദ്രീകരിച്ച് നടത്തിയ മികച്ച പ്രവര്‍ത്തനമാണ് അയ്യപ്പന്മാര്‍ക്ക് സുഖ ദര്‍ശനം ഒരുക്കുന്നതിന് വഴിതെളിച്ചത്.
എസ്പി കാര്‍ത്തികേയന്‍ ഗോകുല ചന്ദ്രന്റെ നേതൃത്വത്തില്‍ 160 പോലീസുകാരാണ് സന്നിധാനത്തെ സുരക്ഷാക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് മെമ്പര്‍മാരായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമല വര്‍ധന റാവു, ഗവ.ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ വി. ശങ്കരന്‍പോറ്റി തുടങ്ങിയവരും സന്നിധാനത്തുണ്ടായിരുന്നു. 21ന് രാത്രി 10ന് കന്നിമാസ പൂജ പൂര്‍ത്തിയാക്കി നട അടയ്ക്കും.