പ്രളയ ശേഷം നിലവിലുള്ള വിളകളെ സംരക്ഷിച്ചുകൊണ്ട് കാര്‍ഷികമേഖലയില്‍ അതിജീവനത്തിനുളള പാതയൊരുക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്. ഇതിനായി വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് കൃഷിവകുപ്പ് തയാറാക്കിയിട്ടുള്ളത്.  പ്രളയത്തെ തുടര്‍ന്ന് ജില്ലയുടെ കാര്‍ഷികമേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. പ്രധാന വിളകളായ നെല്ല്, തെങ്ങ്, വാഴ, കമുങ്ങ്, കുരുമുളക്, ജാതി എന്നിവയ്ക്ക് വലിയ നാശം സംഭവിച്ചു. ഒപ്പം കൃഷിയിറക്കിയ പച്ചക്കറിയും പ്രളയത്തില്‍ നശിച്ചു. മിച്ചമുള്ള വിളകളെ എങ്ങനെ പരിപാലിക്കണമെന്നുള്ള നിര്‍ദേശമാണ് വകുപ്പ് കര്‍ഷകര്‍ക്കായി നല്‍കുന്നത്. വെള്ളം ഇറങ്ങി ഉണക്കല്‍ ആയത് മുതല്‍ നിലവിലുള്ള വിളകള്‍ക്ക് ഭീഷണിയായിരിക്കുന്നത് പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണാണ്. പ്രത്യക്ഷത്തില്‍ വിളകള്‍ക്ക് കവചമായാണ് ഈ മണ്ണ് നിലനില്‍ക്കുന്നതെങ്കിലും ശരിയായ രീതിയില്‍ ഈ മണ്ണിനെ ക്രമീകരിക്കാതെ പോകുന്നത് വിളകളുടെ സര്‍വനാശത്തിന് കാരണമാകുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം. പ്രീത പറഞ്ഞു. മണ്ണിലെ വായു സഞ്ചാരം പൂര്‍ണമായി തടസപ്പെടാന്‍ ഇടയാക്കാതെ ഇത് ഇളക്കി മാറ്റുകയോ കൊത്തി കിളച്ചു കൊടുക്കുകയോ വേണം. വളരെ കൂടിയ അളവില്‍ ചെളി കെട്ടി കിടക്കുന്ന കൃഷി ഭൂമിയില്‍ സെന്റിന് ഒരു കിലോഗ്രാം എന്ന തോതില്‍ കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് മണ്ണില്‍ വിതറികൊടുക്കണം. പ്രളയത്തിലൂടെ മിക്കവാറും കൃഷിഭൂമികളില്‍ നിന്ന് പൊട്ടാഷ് ഒലിച്ചു പോയിരിക്കാനാണ് സാധ്യത. അതിനാല്‍ വിളകള്‍ക്ക് പൊട്ടാഷ് വളങ്ങള്‍ ഇടണം. അടുത്ത വിളവ് ഇറക്കുന്നതിന് മുമ്പായി മണ്ണുപരിശോധന നടത്തി അതിന്‍പ്രകാരമുള്ള പരിപാലന മുറകള്‍ അവലംബിക്കണം. ഓരോ വിളകള്‍ക്കും ഓരോ തരത്തിലുള്ള പരിപാലനവും പ്രതിരോധ മാര്‍ഗങ്ങളുമാണ് അവലംബിക്കേണ്ടത്. ഗുരുതരമായി രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കുകയും മറ്റുള്ളവയില്‍ രോഗം പടരുന്നത് തടയാനായി നീര്‍വാര്‍ചയും വായു സഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യണം. രോഗബാധ ഇനിയും ഉണ്ടാകാത്ത വിളകളില്‍ സ്യൂഡോമോണസ്, ട്രൈക്കോഡെര്‍മ എന്നി ജൈവസസ്യസംരക്ഷണ ഉപാധികള്‍ സ്വീകരിക്കണം.
 *ജാതി* 
ജാതികൃഷി ചെയ്തിരുന്നവര്‍ ജാതിയുടെ ഇലകളില്‍ ചെളി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ വെള്ളം സ്പ്രേ ചെയ്ത് ചെളികളയുന്നത് നന്നായിരിക്കും. ചെടികളുടെ കട ഭാഗത്ത് കുമ്മായം 250-500 ഗ്രാം ചെടി ഒന്നിന് എന്ന തോതില്‍ വിതറി കൊടുക്കണം. ഇലപൊഴിച്ചില്‍/ഇലപുള്ളി രോഗം ഉണ്ടെങ്കില്‍ 0.2 ശതമാനം വീര്യത്തില്‍ കോപ്പര്‍ ഹൈഡ്രോക്സൈഡ് തളിച്ച് കൊടുക്കാം.
 *വാഴ* 
വാഴകള്‍ക്ക് പ്രളയത്തില്‍ വ്യാപകനാശം സംഭവിച്ചുവെങ്കിലും നിലനില്‍ക്കുന്ന വാഴയുടെ കേടു വന്ന ഇലകള്‍ മുറിച്ചുമാറ്റേണ്ടതാണ്. ചെടികളുടെ കട ഭാഗത്ത് വന്നടിഞ്ഞ ചെളി ഇളക്കി മാറ്റി മണ്ണ് നല്ലവണ്ണം ഇളക്കി കൊടുക്കണം. ഇതിനുശേഷം വാഴയ്ക്ക് ചുറ്റും മണ്ണ് കയറ്റി കൊടുക്കാവുന്നതാണ്. വാഴയ്ക്ക് ഇലപുള്ളി രോഗം, പനാമ വാട്ടം, മാണം അഴുകല്‍ മുതലായവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇലപുള്ളി രോഗത്തിന് 0.4 ശതമാനം വീര്യത്തില്‍ മാങ്കോസെബ് എന്ന കുമിള്‍നാശിനി പശ ചേര്‍ത്ത് തളിച്ചു കൊടുക്കാവുന്നതാണ്. 0.1 ശതമാനം വീര്യത്തില്‍ പ്രൊപ്പികൊനാസോള്‍ എന്ന കുമിള്‍നാശിനി രോഗം വര്‍ധിച്ചു വരുന്ന സാഹചര്യം ഉണ്ടൈങ്കില്‍ തളിച്ചു കൊടുക്കണം. പനാമ വാട്ടം വന്ന വാഴകള്‍ക്ക് 0.2 ശതമാനം വീര്യത്തില്‍ കാര്‍ബെന്‍ഡാസിം അല്ലെങ്കില്‍ 0.1 ശതമാനം വീര്യത്തില്‍ പ്രൊപ്പികോനാസോള്‍ കുമിള്‍നാശിനി കട ഭാഗത്ത് ഒഴിച്ചുകൊടുക്കണം. മാണം അഴുകല്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍ അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ചു ഒഴിച്ച് കൊടുക്കാവുന്നതാണ്.
 *കുരുമുളക്* 
കുരുമുളകാണെങ്കില്‍ കൊടിയുടെ കടഭാഗത്തെ വെള്ളം നല്ലവണ്ണം വാര്‍ത്ത് കളഞ്ഞു, ചെടി ഒന്നിന് അരകിലോ വീതം കുമ്മായം വിതറി കൊടുക്കണം. കുമ്മായം ഇട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ചെടി ഒന്നിന് പത്ത് കിലോ എന്ന തോതില്‍ ജൈവവളം നല്‍കേണ്ടതാണ്. ശുപാര്‍ശ ചെയ്തിട്ടുള്ള എന്‍.പി.കെ വളങ്ങള്‍ 50:50:200 എന്ന തോതില്‍ നല്‍കണം. ബോര്‍ഡോമിശ്രിതം ഒരു ശതമാനം വീര്യത്തില്‍ ചെടികളില്‍ സ്പ്രേ ചെയ്യുന്നതും നല്ലതാണ്. കൂടാതെ കോപ്പര്‍ ഓക്സിക്ലോറൈഡ് ചെടികളുടെ കട ഭാഗത്ത് ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.
 *കമുങ്ങ്* 
കമുങ്ങിന് വില്ലനാകുന്നത് മഹാളി രോഗമാണ്. ബോര്‍ഡോ മിശ്രിതം ഒരു ശതമാനം വീര്യത്തില്‍ തളിച്ച് കൊടുക്കുന്നത് രോഗത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.
 *നെല്ല്*
നെല്‍കൃഷിയെ സംബന്ധിച്ച് ചെനപ്പ് പൊട്ടികൊണ്ടിരിക്കുന്ന പ്രായമെങ്കില്‍ ഏക്കര്‍ ഒന്നിന് 20 കിലോ യൂറിയ, 10 കിലോ പൊട്ടാഷ് എന്നിവ വിതറി കൊടുക്കണം. പോളകരിച്ചില്‍, ബാക്ടീരിയ മൂലമുള്ള ഇലകരിച്ചില്‍ മുതലായ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രതിവിധിയായി പോളരോഗത്തിനു ട്രൈഫ്ളോക്ക്സിസ്ട്രോബിനും ടെബുകൊനസോളും തളിക്കേണ്ടതാണ്. ബാക്ടീരിയ മൂലമുള്ള ഇല കരിച്ചിലിന് ചാണക വെള്ളത്തിന്റെ തെളി രണ്ട് ശതമാനം സ്പ്രേ ചെയ്യുക.
 *പച്ചക്കറി* 
വെള്ളരി വര്‍ഗ പച്ചക്കറികളില്‍ ഇലപുള്ളിയും തുടര്‍ന്ന് ഇല കരിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാന്‍ സൈമോക്സിലും മാങ്കോസെബും തളിച്ച് കൊടുക്കണം. 0.3 ശതമാനം വീര്യത്തില്‍ മാങ്കോസേബ് എന്ന കുമിള്‍ നാശിനി തളിച്ച് കൊടുത്താല്‍ വഴുതനയുടെ കായ്ചീയല്‍, വെണ്ടയുടെ ഇലപുള്ളി രോഗം മുതലായവയെ നിയന്ത്രിക്കാം. പയറിന്റെ കടചീയല്‍, ഇലപുള്ളി രോഗം മുതലായവയും നിയന്ത്രിക്കുന്നതിനായി മാങ്കോസെബ്+കാര്‍ബെന്‍ഡാസിം വീര്യത്തില്‍ തളിച്ച് കൊടുക്കണം.