പത്തനംതിട്ട ജില്ലയില്‍ പ്രളയം വിതച്ച നാശത്തേക്കാള്‍ ഭീകരമായേക്കാമായിരുന്ന പകര്‍ച്ചവ്യാധികളെ ഇല്ലാതാക്കാന്‍ രാവും പകലും അധ്വാനിച്ച ആരോഗ്യവകുപ്പിന് നല്‍കാം ബിഗ്സല്യൂട്ട്.  പ്രളയകാലത്ത് പുലര്‍ത്തിയ അതേ ജാഗ്രതയാണ് പ്രളയാനന്തരവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജയുടെ നേതൃത്വത്തിലുള്ള മികവുറ്റ മെഡിക്കല്‍ ടീം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുന്നതിനായി വകുപ്പ് നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. പ്രളയശേഷം ദുരിതാശ്വാസ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചാണ് ആരോഗ്യവകുപ്പ് പ്രധാനമായും പ്രവര്‍ത്തനം നടത്തിയത്. ക്യാമ്പുകളിലെ രോഗികള്‍ക്ക് ആവശ്യമായ മരുന്നും സേവനവും മെഡിക്കല്‍ ടീമുകളായി ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എത്തി നല്‍കി. പ്രളയത്തിനു മുമ്പ് തന്നെ ജില്ലയില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രളയാനന്തരം ഇതിന്റെ കണക്ക് ദിവസംപ്രതി 10 മുതല്‍ 12 എന്ന നിലയിലേയ്ക്ക് ഉയര്‍ന്നത് ആശങ്കയ്ക്ക് വഴി വച്ചെങ്കിലും ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘത്തെ കൂടി ഉള്‍പ്പെടുത്തി മെഡിക്കല്‍ ടീം രൂപീകരിച്ച് ആക്ഷന്‍പ്ലാന്‍ തയാറാക്കി നടത്തിയ പ്രവര്‍ത്തനം ഫലപ്രദമായി.
ഓരോ ക്യാമ്പുകളിലും സേവനങ്ങളുടെ ഭാഗമായി ഒരു ജൂണിയര്‍ ഹൈല്‍ത്ത് ഇന്‍സ്പെക്ടറെയും ആശാപ്രവര്‍ത്തകരെയെയും ചുമതലപ്പെടുത്തി. വീടുവീടാന്തരം ആരോഗ്യപ്രവര്‍ത്തകരും വോളന്റിയര്‍മാരും ഒന്നിച്ചുപോയി സേവനങ്ങള്‍ നടത്തി. ജലജന്യരോഗങ്ങളുടെ സാധ്യത മനസിലാക്കി ആശാപ്രവര്‍ത്തകര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരടങ്ങുന്ന ടീം ആഴ്ചയില്‍ രണ്ട് ദിവസം എല്ലാ വീടുകളും സന്ദര്‍ശിച്ച് വേണ്ട സേവനങ്ങള്‍ ലഭ്യമാക്കി. എലിപ്പനിക്കെതിരായ ഡോക്സിസൈക്ലിന്‍ ഗുളിക വിതരണം ചെയ്തു. 11 ലക്ഷം എലിപ്പനി ഗുളികകളാണ് ജില്ലയില്‍ വിതരണത്തിനായി എത്തിച്ചത്. ഇതില്‍ ഒമ്പത് ലക്ഷം ഗുളികകളും വിതരണം ചെയ്ത് കഴിഞ്ഞു. വെള്ളമിറങ്ങിയ സാഹചര്യത്തില്‍ മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് മാത്രമാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എലിപ്പനിക്കെതിരായ മരുന്ന് വിതരണത്തിനായി പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിച്ചു. ആരോഗ്യവകുപ്പിന്റെ ഊര്‍ജിത പ്രവര്‍ത്തനങ്ങളുടെ ഫലമായി 10 മുതല്‍ 12 എന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന എലിപ്പനിയുടെ നിരക്ക് മൂന്ന് മുതല്‍ നാല് എന്ന തോതിലായി കുറഞ്ഞു. നിലവില്‍ എലിപ്പനി പേടിക്കേണ്ട സാഹചര്യം ജില്ലയില്‍ ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. എലിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ വിജയം ആരോഗ്യ വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണ്.
 എലിപ്പനി കൂടാതെ വയറിളക്ക രോഗങ്ങള്‍, പനി എന്നിവയും പ്രളയശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവയും ഉചിതമായ പ്രവര്‍ത്തനങ്ങളിലൂടെ നിയന്ത്രണ വിധേയമാക്കി. വെള്ളം ശുദ്ധീകരിക്കുതിനായുള്ള ബ്ലീച്ചിംഗ് പൗഡര്‍, ബ്ലീച്ചിംഗ് ലായനി, ക്ലോറിന്‍ ടാബ്ലെറ്റ് എന്നിവ കമ്യൂണിറ്റി സെന്ററുകളിലൂടെ യഥാസമയം വിതരണം ചെയ്തു. പ്രളയക്കെടുതിക്ക് ശേഷം പകര്‍ച്ചവ്യാധി സാധ്യത മുന്നില്‍കണ്ട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേയും ക്ലിനിക്കുകളിലേയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പി.ആര്‍.ഒമാര്‍ എന്നിവരുടെ യോഗം വിളിച്ച് ഇവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ജില്ലാ ആരോഗ്യവകുപ്പ് തയാറാക്കിയ പ്രത്യേക ആപ്ലിക്കേഷന്‍ ഇവരെ പരിചയപ്പെടുത്തുകയും ചെയ്തു. പ്രളയാനന്തരം അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കെട്ടികിടക്കുന്ന വെള്ളം എന്നിവ കൊതുകുകള്‍ പെരുകി ഡെങ്കിപ്പനി പടരാനുള്ള സാധ്യത മുന്നില്‍കണ്ട് ജില്ലാ ആരോഗ്യവകുപ്പ് ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനോടൊപ്പം ഡെങ്കിപ്പനി വരാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ആരോഗ്യത്തിനായി ഒരു ദിവസം എന്ന പേരില്‍ പ്രചാരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍, പൊതുഇടങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഓരോ ദിവസങ്ങളിലായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ സ്‌കൂളുകളില്‍ കുടിവെള്ള ഉപയോഗം, മാലിന്യസംസ്‌കരണം എന്നിവയില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തുന്ന രോഗികളായവര്‍ക്ക് പരമാവധി മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കാനുള്ള നടപടികളും വകുപ്പ് നടത്തി. പ്രളയത്തേക്കാള്‍ ദുരന്തമായേക്കാവുന്ന മാരകരോഗങ്ങളെ ചെറുക്കുന്നതില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കൊപ്പം ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. റ്റി. അനിതാകുമാരി, ഡോ.സി.എസ്. നന്ദിനി, ആരോഗ്യകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എബി സുഷന്‍, ഡബ്ലുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ.രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വസജ്ജമായി രംഗത്തുള്ളത്.