* 661 ക്യാമ്പ് സന്ദര്‍ശനങ്ങളും 1,00,187 ഭവന സന്ദര്‍ശനങ്ങളും നടത്തി
* ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക മാനസികാരോഗ്യ പദ്ധതി
പ്രളയാനന്തരമുണ്ടായ വിവിധ തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 14 വരെ 1,85,538 പേര്‍ക്ക് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 10 ജില്ലകളിലായി 349 പരിശീലന പരിപാടികള്‍ വഴി ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 16,671 പേര്‍ക്ക് മാനസികാരോഗ്യ ദുരന്തനിവാരണ പരിശീലനം നല്‍കിയാണ് ഇത് സാധ്യമാക്കിയത്. ഇവര്‍ 661 ക്യാമ്പും 1,00,187 ഭവനങ്ങളും സന്ദര്‍ശിച്ചു. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുള്ള 1525 പേര്‍ക്ക് മാനസികാരോഗ്യ ചികിത്സയും നല്‍കി. ഇതിനായി 10 ജില്ലകളിലായി 120 ടീമുകള്‍ പ്രവര്‍ത്തിച്ച് വരുന്നു.  ആശാ പ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ ഭവന സന്ദര്‍ശനങ്ങള്‍ നടത്താനും അതുവഴി എല്ലാവര്‍ക്കും മാനസികാരോഗ്യ സേവനം ഉറപ്പുവരുത്തുവാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ആഗസ്റ്റ് 18 ന് എല്ലാ ജില്ലകളിലും മാനസികാരോഗ്യ ദുരന്ത നിവാരണ സംഘങ്ങള്‍ രൂപീകരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലകളിലെ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഈ സംഘത്തിന്റെ കീഴില്‍ ഏകോപിപ്പിച്ചു. ആഗസ്റ്റ് 20ന് ഈ ടീമുകളെ വിപുലീകരിക്കുകയും ഓരോ ജില്ലയിലും ഒരു കോര്‍ ടീമും ഒന്നിലധികം ഇന്റര്‍വെന്‍ഷന്‍  ടീമുകളും രൂപീകരിക്കുകയുമുണ്ടായി. പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുവാനും റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കുവാനും യഥാസമയം അയയ്ക്കുവാനും കോര്‍ ടീമിനെയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മാനസികാരോഗ്യ സേവനം ആവശ്യമുള്ളവരെ കണ്ടെത്തി നല്‍കുവാന്‍ ഇന്റര്‍വന്‍ഷന്‍ ടീമുകളെയും ചുമതലപ്പെടുത്തി. ദുരന്തത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുവാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും ഈ ടീമുകള്‍ ശ്രദ്ധിക്കുകയുണ്ടായി. ഇതില്‍തന്നെ കുട്ടികളുടെയും പ്രായമായവരുടെയും പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ വീടുകളില്‍ പോകുന്ന മുറയ്ക്ക് വീടുകള്‍ സന്ദര്‍ശിച്ചുള്ള സേവനങ്ങളും ഇന്റര്‍വെന്‍ഷന്‍ ടീമുകള്‍ ആരംഭിക്കുകയുണ്ടായി. ഇതിനോടൊപ്പം വനിതാ ശിശു വികസന വകുപ്പ് തെരഞ്ഞെടുത്ത് നിംഹാന്‍സ് പരിശീലനം നല്‍കിയ കൗണ്‍സിലര്‍മാരെക്കൂടി ക്യാമ്പുകളും ഭവനങ്ങളും സന്ദര്‍ശിക്കുന്ന ടീമുകളില്‍ ഉള്‍പ്പെടുത്തി.
ഇതിന്റെ രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുവാനും ഒരു സ്ഥിരം സംവിധാനം ഒരുക്കുവാനുമാണ് ആശാവര്‍ക്കര്‍മാരെക്കൂടി ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ദുരന്തം ബാധിച്ച എല്ലാ പഞ്ചായത്തുകളിലെയും ആശവര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇതിനോടൊപ്പം ദുരന്തം ബാധിച്ച ജനങ്ങളുമായി ഇടപഴകുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍, മെമ്പര്‍മാര്‍  എന്നിവര്‍ക്ക് ജനങ്ങളുമായി ഇടപഴകുവാനും അവര്‍ പറയുന്നത് കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം നല്‍കുവാനുമുള്ള പരിശീലനവും നല്‍കി വരുന്നു.
ദുരന്തം കാരണം ഉണ്ടായ മാനസിക പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞ് പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നിണ്ടുനില്‍ക്കാം എന്നുള്ളതുകൊണ്ടും ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക മാനസികാരോഗ്യ പദ്ധതി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.