ഗവ. ആയുര്‍വേദ കോളേജിന് കീഴിലുള്ള പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍പ്ലാന്‍ അടിയന്തരമായി നടപ്പിലാക്കാന്‍ ആരോഗ്യ, വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചകര്‍മ്മ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് അപര്യാപ്തതകള്‍ പരിഹരിക്കാനും നിര്‍ദേശിച്ചു. പഞ്ചകര്‍മ്മ ആശുപത്രിയില്‍ നടന്ന ആരോഗ്യ വകുപ്പിലേയും പി.ഡബ്ലിയു.ഡി.യിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് മാസ്റ്റര്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്. പി.ഡബ്ലിയു.ഡി.യാണ് പഞ്ചകര്‍മ്മ ആശുപത്രിയുടെ മുഖഛായ മാറ്റുന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. ഒഫ്ത്താല്‍മിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ജെറിയാട്രിക് സെന്റര്‍, പുതിയ റോഡുകള്‍, കുളം നവീകരണം തുടങ്ങിയവയും തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിലുണ്ട്.  ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനായുള്ള മെഡിസിനല്‍ പ്ലാന്റ് ഗാര്‍ഡന്‍, പാമ്പുവളര്‍ത്തല്‍ കേന്ദ്രം എന്നിവയുടെ നവീകരണവും മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് വേണ്ടി 13 കോടി രൂപയാണ് പി.ഡബ്ലിയു.ഡിയ്ക്ക് അനുവദിച്ചത്. പഞ്ചകര്‍മ്മ ആശുപത്രിയിലെ പഴയ ബ്ലോക്ക് ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്തി നവീകരിക്കും. പഞ്ചകര്‍മ്മ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നവീകരണത്തിന് ഒരു കോടി രൂപ അനുവദിക്കും. ഡ്രയിനേജ് സംവിധാനം ഫലപ്രദമാക്കുന്നതിനായി സ്ഥാപിച്ച സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും, നിര്‍മ്മാണത്തിലിരിക്കുന്ന  കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്. പേവാര്‍ഡും  (ആറു കോടി) ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
യോഗത്തില്‍ തീരുമാനിച്ച ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റേയും സൂപ്രണ്ടിന്റേയും നേതൃത്വത്തില്‍ ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു.
ഒക്ടോബര്‍ രണ്ടാം തീയതി പോലീസ് സേനയുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ആശുപത്രി പരിസരം ശുചീകരിക്കുന്നതാണ്. ആശുപത്രിയിലെ കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ സാധനസാമഗ്രികള്‍ അടിയന്തരമായി ലേലം ചെയ്യുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു.
ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഉഷാകുമാരി, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിന്‍സി തോമസ്, സൂപ്രണ്ട് ഡോ. രഘുനാഥന്‍ നായര്‍, പഞ്ചകര്‍മ്മ ആശുപത്രി സൂപ്രണ്ട് ഡോ. നജിമ, പി.ഡബ്ലിയു.ഡി. അസി. എക്സി. എഞ്ചിനീയര്‍ അശോക്, കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്. എം.ഡി. അശോക് ലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.