*പിഎച്ച് ഡിയ്ക്ക് സംവരണം ഏർപ്പെടുത്തണം
നാക് അക്രഡിറ്റേഷൻ ലഭിക്കാത്തതും അതിന് ശ്രമിക്കാത്തതുമായ കോളേജുകൾക്ക് പുതിൽ പ്രോഗ്രാമുകൾ അനുവദിക്കുന്നത് സർവകലാശാലകൾ പുനപരിശോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മന്ത്രി.
സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സർക്കാർ, എയ്ഡഡ് കോളേജുകളും നാക് അക്രഡിറ്റേഷന് വിധേയമായിട്ടുണ്ടെന്ന് സർവകലാശാലകൾ ഉറപ്പു വരുത്തണം. പുതിയ പ്രോഗ്രാമുകളും നിലവിലെ പ്രോഗ്രാമുകൾക്ക് മാർജിനൽ വർദ്ധനവും അനുവദിക്കാൻ നാക്് അക്രഡിറ്റേഷൻ മാനദണ്ഡമാക്കാവുന്നതാണ്. നാക് അക്രഡിറ്റേഷനിൽ എ പ്ലസിനു മുകളിൽ ഗ്രേഡ് നേടുന്ന കോളേജുകൾക്ക് പ്രോത്‌സാഹനജനകമായ പദ്ധതികൾ നൽകാം.
നാക് അക്രഡിറ്റേഷനിൽ എ പ്ലസിനു മുകളിൽ ഗ്രേഡ് നേടുന്ന സർവകലാശാലകൾക്ക് സർക്കാർ പ്രത്യേക സാമ്പത്തിക സഹായം നൽകും. സർവകലാശാലകളുടെ പ്രവർത്തനം വിലയിരുത്താനും കാര്യക്ഷമത ഉറപ്പാക്കാനും മൂന്നു മാസത്തിലൊരിക്കൽ അവലോകന യോഗം ചേരും. ആദ്യത്തെ യോഗം 2019 ജനുവരി നാലിന് എം. ജി സർവകലാശാലയിൽ നടക്കും. പിഎച്ച് ഡിയ്ക്ക് സർവകലാശാല തലത്തിൽ റോസ്റ്റർ തയ്യാറാക്കി പട്ടികജാതി, പട്ടികവർഗം, എസ്. ഇ. ബി. സി വിഭാഗങ്ങൾക്ക് സംവരണം നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. സർവകലാശാലകളിൽ വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തണം. ദേശീയ അന്തർദ്ദേശീയ നിലവാരമുള്ള സർവകലാശാലകളും കോളേജുകളും കേരളത്തിലുണ്ടാവണം. നാകിൽ ലഭിക്കുന്ന കൂടിയ സി ജി പി. എ ആയ 4.00 ലക്ഷ്യമിടണം. കുറഞ്ഞത് എ പ്ലസ് എങ്കിലും നേടണം.
കേരളത്തിലെസർവകലാശാലകൾ നടത്തുന്ന കോഴ്‌സുകൾ പരസ്പരം അംഗീകരിക്കുന്ന സ്ഥിതിയുണ്ടാവണം. സർവകലാശാലകളിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലുകൾ പുനസംഘടിപ്പിക്കണം.
സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് പുതുക്കുന്നതിനും ഏകീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കും. സ്വാശ്രയ കോളേജുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നാക് മാതൃകയിൽ സംസ്ഥാന തലത്തിൽ സ്‌റ്റേറ്റ് അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിൽ (സാക്) സ്ഥാപിക്കും. സർവകലാശാലകൾ കാലത്തിനനുസരിച്ച് പുതിയ പ്രോഗ്രാമുകൾ വിഭാവനം ചെയ്യണം. ഇതിന്റെ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കണം. ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാമുകൾ ആരംഭിക്കാനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓപ്പൺ കോഴ്‌സായി എല്ലാ പ്രോഗ്രാമുകളിലും അവതരിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണം. നവ സംരംഭകർക്കും നൂതനാശയങ്ങൾ വികസിപ്പിക്കുന്ന വിദ്യാർത്ഥികൾക്കുമായി സ്റ്റാർട്ട് അപ്പ് പദ്ധതി ബാങ്ക് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മികച്ച ഗവേഷക അധ്യാപകനും വിദ്യാർത്ഥിക്കും സംസ്ഥാനതലത്തിൽ പുരസ്‌കാരം ഏർപ്പെടുത്തും. സർവകലാശാലകൾ സർട്ടിഫിക്കറ്റുകൾ കാലതാമസം കൂടാതെ നൽകുകയും ഓൺലൈനിൽ ലഭിക്കാൻ സൗകര്യം ഏർപ്പെടുത്തുകയും വേണം.
വിദേശങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികളെ ആകർഷിക്കാൻ നടപടിയുണ്ടാവണം. അടുത്ത അധ്യയന വർഷത്തിൽ കുറഞ്ഞത് നൂറ് വിദേശ വിദ്യാർത്ഥികളെങ്കിലും കേരളത്തിലെ കോളേജുകളിൽ എത്തുന്നതിന് സാഹചര്യം ഉണ്ടാക്കണം. സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി നൽകുന്നതിനുള്ള നടപടി കൈക്കൊള്ളണം. വിദേശ സർവകലാശാലകളും മറ്റു ഗവേഷണ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടണം. ഓരോ ബിരുദത്തിനൊപ്പം അധിക വിഷയങ്ങൾ പഠിപ്പിച്ചുകൊണ്ട് അതിൽ മൈനർ ഡിഗ്രി നൽകാനുള്ള പദ്ധതികൾ നടപ്പാക്കണം. എൻജിനിയറിംഗ് കോളേജുകളിലെ ഓരോ ബ്രാഞ്ചുകൾക്കും എൻ. ബി. എ അക്രഡിറ്റേഷൻ ലഭ്യമാക്കുന്നതിന് നടപടിയെടുക്കണം.
പരീക്ഷാ നടത്തിപ്പും ഫല പ്രഖ്യാപനവും സമയബന്ധിതമാക്കണം. ബിരുദ പരീക്ഷാഫലം ഏപ്രിൽ 30നകവും ബിരുദാനന്തരബിരുദ പരീക്ഷാഫലം മേയ് 31നകവും പ്രസിദ്ധീകരിക്കണം. സെമസ്റ്ററിൽ ഇടവിട്ടുള്ള പരീക്ഷകൾ കോളേജിനെ ഏൽപ്പിക്കുന്ന കാര്യം പരിഗണിക്കണം. ഓട്ടോണോമസ് കോളേജുകളുടെ പ്രവർത്തനം മൂന്നു മാസത്തിലൊരിക്കൽ വൈസ് ചാൻസലർമാർ വിലയിരുത്തണം. ഓപ്പൺ സർവകലാശാല അടുത്ത വർഷം യാഥാർത്ഥ്യമാക്കണം. പരീക്ഷാനടത്തിപ്പിൽ സർവകലാശാലകൾ ആധുനികവത്കരണം നടപ്പാക്കണം. ഓൺലൈൻ ചോദ്യപേപ്പർ, ഓൺലൈൻ പരീക്ഷകൾ എന്നിവ സുരക്ഷ ഉറപ്പാക്കി നടപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ്, വിവിധ സർവകലാശാല വൈസ് ചാൻസലർമാർ എന്നിവർ സന്നിഹിതരായിരുന്നു.