ആലപ്പുഴ ജില്ല ഒന്നാമതെത്തിയതായി മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: കളക്ടറേറ്റിലെ ഗാന്ധിസ്മൃതി മണ്ഡപത്തിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷ വേദിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയെത്തി. നവകേരള നിർമ്മിതിക്കായി ചിത്രകാരന്മാർ സ്വരൂപിച്ച 4500 രൂപയോടെയായിരുന്നു തുടക്കം. ചിത്രകാരന്മാരായ രാകേഷ് ആൻസേര,കലേഷ് പൊന്നപ്പൻ,ഗിരീഷ് നടുവട്ടം, ശിവദാസ് വാസു എന്നിവർ ചേർന്ന് ആലപ്പുഴ ബീച്ചിൽ സെപ്റ്റംബർ 29,30 തീയതികളിൽ സംഘടിപ്പിച്ച തത്സമയ മുഖചിത്രരചനയിൽ നിന്ന് സമാഹരിച്ച തുകയാണ് ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജി. സുധാകരനെ ഏൽപ്പിച്ചത്. പരസ്പര സഹായ സഹകരണ സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 10,000 രൂപ പ്രസിഡന്റ് സിദ്ധാർഥൻ മന്ത്രി. ജി സുധാകരന് കൈമാറി.
ഭവിൻ ഇൻഡസ്ട്രിസ് അഞ്ചു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.ദക്ഷിണാഫ്രിക്കയിൽ വ്യവസായിയായ മാമ്പുഴക്കരി സ്വദേശി റോണി ജോസഫാണ് തുക പിതാവ് ജോസ് ജോണിന്റെ കയ്യിൽ ഏൽപ്പിച്ചത്. ഇതിന് മുമ്പ് 50 ലക്ഷം രൂപയും 2500 സാരിയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ആയിരത്തോളം മലയാളികളാണ് ഇവരുടെ കമ്പനിയിൽ പ്രവർത്തിക്കുന്നത്.
ആവേശകരമായ അനുഭവമാണ് ഓരോ വേദിയിൽ നിന്നും ലഭിക്കുന്നതെന്നും സമാഹരിച്ച തുകയെല്ലാം നാടിന്റെ സമ്പൂർണ പുനർനിർമ്മാണത്തിന് ഉപയോഗിക്കുമെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഇതുവരെ 31 കോടി രൂപ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാഹരിക്കാനായതായും മന്ത്രി പറഞ്ഞു.ഇതോടെ നവകേരള നിർമിതിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകാൻ പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലയായ ആലപ്പുഴയ്ക്കായി. പ്രളയത്തിൽ തകർന്ന ആലപ്പുഴ- ചങ്ങനാശേരി റോഡിന്റെ പുനർനിർമ്മാണം 9.5 കോടി മുതൽ മുടക്കിൽ തുടങ്ങിയതായും മന്ത്രി പറഞ്ഞു.