കോട്ടയം ജില്ലയിലെ പ്രളയമേഖലകളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.  ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ജില്ലയില്‍ താമസിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പൊതുജനപങ്കാളിത്തതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി. മാലിന്യസംസ്‌ക്കരണം, പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം, തോടുകളുടെയും നീര്‍ചാലുകളുടെയും പുനര്‍സംയോജനം, കാര്‍ഷികമേഖലയുടെ പുനര്‍ജ്ജീവനം എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത പാക്കേജാണ് ജില്ലയ്ക്കാവശ്യമെന്ന് മുന്‍ വേള്‍ഡ് ബാങ്ക് കണ്‍സള്‍ട്ടേഷന്‍ ഓഫീസറും യു.പി.എസ്.സി അംഗവുമായിരുന്ന കെ. റോയി പോള്‍ പറഞ്ഞു. ഓരോ പ്രളയമേഖലയിലെയും ഭൂമിശാസ്ത്രപരവും തൊഴില്‍പരവുമായ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടാകണം പുനര്‍നിര്‍മ്മാണം. അതത് പ്രദേശത്തെ പ്രത്യേകത അനുസരിച്ച് വ്യതസ്തമായ പ്ലാനുകള്‍ തയ്യാറാക്കണം.കോട്ടയം നഗരത്തിന്റെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനുളള പ്ലാന്‍ തയ്യാറാക്കാന്‍ ടൈസിനെ ചുമതലപ്പെടുത്തി. പുനരധിവാസത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായം ആര്‍.ഐ.ടി പാമ്പാടി, സെന്റ് ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം,കോസ്റ്റ്‌ഫോര്‍ഡ്,ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും നല്‍കും. ഓരോ മേഖലയിലും ഗുണഭോക്താക്കളുടെ താത്പര്യങ്ങള്‍ കൂടി കണക്കിലെടുത്താകും പ്ലാന്‍ തയ്യാറാക്കുക. കായല്‍ തീരങ്ങളും നദീതീരങ്ങളും ജീവനോപാധിയായി എടുത്ത് തീരങ്ങളില്‍ താമസിക്കുന്ന വരെ പുനരധിവസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കും. തൂണുകളില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതടക്കമുള്ള രീതികള്‍ വീട് നിര്‍മ്മാണത്തില്‍ പരിഗണിക്കും. പദ്ധതിയ്ക്കായി സെന്റ് ഗിറ്റ്‌സ് കോളേജ്, ആര്‍.ഐ. ടി കോളേജ് പാമ്പാടി അടക്കമുള്ളവരുടെ സഹായം തേടും.
കാര്‍ഷികമേഖലയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ പരിഗണിക്കും. കല്‍ക്കെട്ടുകളോ ഫൈലാന്‍ സ്ലാബുകളോ ഉപയോഗിച്ച് ബണ്ടുകള്‍ ബലപ്പെടുത്തുന്നതടക്കമുള്ള മാര്‍ഗങ്ങളും അവലോകനം ചെയ്യും. കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ജനകീയ പ്ലാനായിരിക്കും തയ്യാറാക്കുന്നത്. ഭൂവുടമകളുടെ സംഘം രൂപീകരിച്ച് വെര്‍ട്ടിക്കല്‍ പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതടക്കമുള്ളവ പരിഗണിക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയാനും മികച്ച മാലിന്യസംസ്‌ക്കരണത്തിനും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ തയ്യാറാക്കും. പ്രളയമേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിവില്ലാതെ ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തിലുള്ള ശേഖരണം ജില്ലയില്‍ പുരോഗമിക്കുകയാണ്. തുടര്‍ന്ന് പഞ്ചായത്ത്തലത്തില്‍ ഹരിതകര്‍മ്മസേന വഴി പ്ലാസ്റ്റിക് ശേഖരിച്ച് ഷ്രെഡിംഗ് യൂണിറ്റുകളിലെത്തിക്കുന്നതിന്റെ കൃത്യമായ ഏകോപനത്തിന് നടപടികള്‍ സ്വീകരിക്കും. നഗരപരിധിയിലെ ഒരു പ്രദേശമേറ്റെടുത്ത് പ്ലാസ്റ്റിക് വിമുക്ത നഗരം എന്ന പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ജില്ലയില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
നികന്നുപോയ തോടുകളും നീര്‍ചാലുകളും പുനസ്ഥാപിക്കും. പ്രളയത്തില്‍ തോടുകളിലും തിട്ടകളിലും അടിഞ്ഞ മണ്ണും ചെളിയും വീടുകളുടെയും റോഡുകളുടെയും പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കും. വിവിധ വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വിദഗ്ദ്ധരുടെയും ഉദ്ദ്യോഗസ്ഥരുടെയും സംഘത്തെ ചുമതലപ്പെടുത്തി.  ഭോപ്പാല്‍ ദുരന്തത്തിന്റെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച ഐ.എ.എസ് ഉദ്ദ്യോഗസ്ഥന്‍ കെ.ടി ചാക്കോ, ടൈസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്‍, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ അംഗം ജോണ്‍ പോള്‍, കോസ്റ്റ്‌ഫോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ബിജു ജോണ്‍, ഡോ. ജോസഫ് എബ്രാഹാം, എ.ഡി.എം അലക്‌സ് ജോസഫ്, ജില്ലാതല ഉദ്ദ്യോഗസ്ഥര്‍ പങ്കെടുത്തു.