പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സ്വയംതൊഴില്‍ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടേയും കിര്‍ടാഡ്‌സിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഗദ്ദിക 2018-2019 എന്ന പേരില്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേളയും കലാമേളയും സംഘടിപ്പിക്കും. പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിലേര്‍പ്പെട്ടിട്ടുളള പട്ടികജാതി വ്യക്തികള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.
അപേക്ഷാ ഫോറത്തില്‍ ഉല്‍പ്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂര്‍ണ്ണ മേല്‍വിലാസം (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 31ന് വൈകുന്നേരം അഞ്ചിന് മുന്‍പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെളളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ അയച്ചുതരണം. (ഒരു കുടുംബത്തിലുളളവര്‍ക്ക് ഒന്നിലധികം സ്റ്റാള്‍ അനുവദിക്കില്ല). പൈതൃകമായ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നവരുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുളളൂ. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം. നിശ്ചിത സര്‍ട്ടിഫിക്കറ്റുകളും പൂര്‍ണ്ണ വിവരങ്ങളും ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കും. അപേക്ഷകരുടെ എണ്ണം കൂടുതലായാല്‍ പരമ്പരാഗത ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യമുളളവ നിര്‍മ്മിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് www.scdd.kerala.gov.in.