പ്രളയാനന്തരം ജില്ലയെ പുനര്‍നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ, സാംസ്കാരിക പരിപാടികള്‍ക്ക് മുന്നോടിയായി ഒക്ടോബര്‍ 29 രാവിലെ 10 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ ‘നവകേരളം ദര്‍ശനം, സംസ്കാരം’ ഏകദിന സെമിനാറും പുസ്തക പ്രകാശനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ‘പ്രളയാക്ഷരങ്ങള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശനവും നിര്‍വഹിക്കും. സാംസ്കാരിക വകുപ്പ്മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പുസ്തകം സ്വീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ആമുഖ പ്രഭാഷണം നടത്തും. ചടങ്ങില്‍ എം.പിമാരായ സി.എന്‍. ജയദേവന്‍, ഡോ. പി.കെ.ബിജു, ഇന്നസെന്‍റ്, എം.എല്‍.എമാരായ ബി.ഡി.ദേവസി, പ്രൊഫ. കെ.യു.അരുണന്‍, മുരളി പെരുനെല്ലി, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, ഗീതാഗോപി, കെ.വി. അബ്ദുള്‍ഖാദര്‍, അനില്‍ അക്കര, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍, അഡ്വ. കെ.രാജന്‍, യു.ആര്‍. പ്രദീപ്, മേയര്‍ അജിത ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി. ലളിത, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. കൃഷി വകുപ്പ്മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ സ്വാഗതവും ജില്ലാ കളക്ടര്‍ ടി.വി. അനുപമ നന്ദിയും പറയും.
തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. രാവിലെ 11 ന് ‘പ്രളയാനന്തര മാനവികത’ എന്ന വിഷയത്തില്‍ ഡോ. ബി. രാജീവന്‍ വിഷയമവതരിപ്പിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തും. സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഡോ. ഖദീജ മുംതാസ് മോഡറേറ്ററാവും. 12ന് ‘പുനര്‍ നിര്‍മ്മാണവും വികസന സങ്കല്പവും’ എന്ന വിഷയത്തില്‍ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ സെമിനാര്‍ അവതരിപ്പിക്കും. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം ആലങ്കോട് ലീലാകൃഷ്ണന്‍ മോഡറേറ്ററാവും. 2.30 ന് ‘നവകേരള നിര്‍മ്മിതിയും പ്രകൃതി പരിണാമവും’ എന്ന സെമിനാറില്‍ ഡോ. ജി. മധുസൂദനന്‍ വിഷയാവതരണം നടത്തും. പ്രൊഫ. കാവുമ്പായി ബാലകൃഷ്ണന്‍ മോഡറേറ്ററാവും. 3.30 ന് ‘പ്രളയവും പ്രകൃതവും’ സെമിനാറില്‍ കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം ഇ.പി. രാജഗോപാലന്‍ വിഷയം അവതരിപ്പിക്കും. അശോകന്‍ ചരുവില്‍ മോഡറേറ്ററാവും.