വയനാട്: കാലവര്‍ഷത്തില്‍ തകര്‍ന്ന മാനന്തവാടി എല്‍.എഫ് ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പതിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. സെന്റ് ജോസഫ് റോഡില്‍നിന്നും തുടങ്ങി എല്‍.എഫ് സ്‌കൂളിന്റെ താഴെവരെയുള്ള 4500 സ്‌ക്വയര്‍ ഫീറ്റാണ് ഇന്റര്‍ലോക്ക് ചെയ്യുന്നത്. മഴക്കാലങ്ങളില്‍ എല്ലാ വര്‍ഷവും ഇവിടെ റോഡ് പൊളിയുന്നത് പതിവാണ്. ഇതിനു ശാശ്വതപരിഹാരം തേടിയാണ് റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നത്. പ്രവൃത്തി നടക്കുന്നതിനാല്‍ നഗരത്തില്‍ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണമുണ്ട്.
നാലാംമൈല്‍ ഭാഗത്ത് നിന്നും മാനന്തവാടിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്ന ബസുകള്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് കെ.എസ്.ഇ.ബി ഓഫിസിന് സമീപം പാര്‍ക്ക് ചെയ്ത് ടൗണിലേക്ക് വാരാതെ സര്‍വ്വീസ് നടത്തണം.
തലപ്പുഴ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ കോഫി ഹൗസിന് സമീപം ആളെ ഇറക്കി ചെറ്റപ്പാലം ഭാഗത്ത് പാര്‍ക്ക് ചെയ്ത് സ്റ്റാന്‍ഡില്‍ കയറാതെ ഗാന്ധിപാര്‍ക്ക് വഴിയും തിരികെ സര്‍വ്വീസ് നടത്തണം.
ചൂട്ടക്കടവ് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ കണ്ണങ്കണ്ടിയുടെ മുന്‍വശം ആളെ ഇറക്കി താഴെയങ്ങാടി വഴി സ്റ്റാന്‍ഡിലെത്തി തിരിച്ച് എല്‍.എഫ് യു.പി സ്‌കൂള്‍ ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തണം.
വള്ളിയൂര്‍ക്കാവ് ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ പാറക്കല്‍ ടൂറിസ്റ്റ്‌ഹോമിന് സമീപം ആളെ ഇറക്കി എല്‍.എഫ്.യു.പി സ്‌കൂള്‍ ജംഗ്ഷന്‍ വഴി സ്റ്റാന്‍ഡില്‍ കയാറാതെ ചെറ്റപ്പാലം ഭാഗത്ത് പാര്‍ക്ക് ചെയ്ത് തിരികെ കാവ് റോഡ് വഴി സര്‍വ്വീസ് നടത്തണം.
അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇതോടൊപ്പം ടൗണ്‍ റോഡുകളുടെ അറ്റകുറ്റപണികളും ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തിനുള്ളില്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പൊതുമരാമത്ത് അധികൃതരുടെ പ്രതീക്ഷ.
