കോട്ടയം മെഡിക്കല്‍ കോളേജില്‍ മണ്ഡലകാലത്തേയ്ക്കായി ആരംഭിക്കുന്ന പുതിയ വാര്‍ഡില്‍ അധിക ജീവനക്കാരെ നിയമിക്കാന്‍ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി കളക്‌ട്രേറ്റ് ചേമ്പറില്‍ വിളിച്ചു ചേര്‍ത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. റേഡിയോഗ്രാഫര്‍, സെക്യൂരിറ്റി ജീവനക്കാര്‍, ക്ലീനിംഗ് ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് ജീവനക്കാരെ നിയമിക്കുന്നത്. മെഡിക്കല്‍ കോളേജിലെ വിവിധ കാന്റീനുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മില്‍മ ബൂത്ത്, സ്റ്റാഫ് കാന്റീന്‍, പേ വാര്‍ഡ് കാന്റീന്‍, ഐ.സി.എച്ച് കാന്റീന്‍, അത്യാഹിത വിഭാഗത്തിലെ കാന്റീന്‍ എന്നിവയാണ് കുടുംബശ്രീയ്ക്ക് കൈമാറുന്നത്. കാന്റീനുകളുടെ ശുചിത്വം ഉറപ്പാക്കണമെന്ന മുന്‍ എം.എല്‍.എയും ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ വി.എന്‍. വാസവന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കാന്റീനുകള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടാകുന്നതിനാണ് കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള നൈപുണ്യ പരിശീലനം പൂര്‍ത്തിയായി വരുന്നതായി കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച അത്യാഹിത വിഭാഗങ്ങളിലൊന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലേതെന്ന് അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ട്രോമ കെയറില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു അനസ്‌തേഷ്യോളജിസ്റ്റിനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഒരു ഒക്യൂപേഷന്‍ തെറാപ്പിസ്റ്റ്, അത്യാഹിത വിഭാഗത്തില്‍ എമര്‍ജന്‍സി ഫിസിഷ്യന്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. ദുരഭിമാനകൊല ചെയ്യപ്പെട്ട കെവിന്റെ സഹോദരി കൃപാ ജോസഫ്, ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയ സുമ കുട്ടപ്പന്‍ എന്നിവരെ ജോലിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി സൂപ്രണ്ട് ടി.കെ ജയകുമാര്‍ അറിയിച്ചു. യോഗത്തില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, മുന്‍ എം.എല്‍.എ വി. എന്‍. വാസവന്‍, എഡിസി (ജനറല്‍) പി.എസ് ഷിനോ, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍, ആര്‍എംഒ ഡോ. രഞ്ജന്‍, പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ഐ.സി.എച്ച് സൂപ്രണ്ട് ഡോ. സബിത, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ മായ കെ എന്നിവര്‍ പങ്കെടുത്തു
