ജില്ലയിലെ പഞ്ചായത്തുകളെ മികച്ച ജനസേവന കേന്ദ്രങ്ങളാക്കിമാറ്റാന്‍ ‘മിഷന്‍ വയനാട് 2018’ പദ്ധതി തയാറായി. ഒക്ടോബര്‍ 23ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പദ്ധതിക്ക് മേപ്പാടിയില്‍ തുടക്കം കുറിക്കും. പഞ്ചായത്ത് ഓഫിസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കാനാണ് ലക്ഷ്യം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിന് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എല്ലാ പഞ്ചായത്തുകളെയും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിന് പ്രാപ്തമാക്കുന്ന വിധത്തിലാണ് പദ്ധതി.
ഫ്രണ്ട് ഓഫിസ് ഉള്‍പ്പെടെ ഒരുക്കിയാണ് സേവനകേന്ദ്രത്തിന്റെ അന്തരീക്ഷം മാറ്റുക. ഇവിടെ എത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ സേവനങ്ങള്‍ നല്‍കും. ഇതുസംബന്ധിച്ച് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, പല പഞ്ചായത്തുകളും ഏകീകരണമില്ലാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഡി.ഡി.പിയുടെ നേതൃത്വത്തില്‍ 100 ദിന കര്‍മപരിപാടി മിഷന്‍ വയനാട് 2018 എന്ന പേരില്‍ ആവിഷ്‌കരിച്ചത്.
നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട 32 വിഷയങ്ങളാണ് പദ്ധതിയിലുള്ളത്. നിയമവ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് ഏകീകൃത രൂപത്തോടെ സേവനം നല്‍കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലാതലത്തില്‍ ഏഴംഗ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ ഘട്ടത്തിലും സമിതി പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. ഇതോടെ മുഴുവന്‍ പഞ്ചായത്തുകളിലും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയരും. നിലവില്‍ ആറു പഞ്ചായത്തുകള്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.