*നിലമ്പൂരിൽ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്
*സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളിൽ ഒന്ന് മലപ്പുറത്ത്

മലപ്പുറം ജില്ലയിൽ 20.55 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 14ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ 19 കോടിയുടെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്ക്, കോട്ടക്കുന്നിൽ സജ്ജമാക്കിയ 1 കോടിയുടെ ഫുഡ് സ്ട്രീറ്റ്, ഇരിങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ 55.5 ലക്ഷം രൂപയുടെ കുറ്റിത്തറമേൽ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്.

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്കിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി നിർവഹിക്കും. മലപ്പുറം ജില്ലയിൽ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ബ്ലോക്ക്. 19 കോടി രൂപ ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ ആദ്യഘട്ടം സജ്ജമാക്കിയിരിക്കുന്നത്.

46,000 ചതുരശ്ര അടി വിസ്തീർണത്തിൽ 4 നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബ്ലോക്കാണ് തയ്യാറാക്കിയിട്ടുളളത്. ഗൈനക്കോളജി വിഭാഗം ഒ.പി, ശിശുരോഗ വിഭാഗം ഒ.പി, ഒബ്സർവേഷൻ റൂം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, അൾട്രാസൗണ്ട് സ്‌കാൻ സംവിധാനം എന്നിവ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾക്ക് 1.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നിൽ നിർമ്മിച്ച ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് മന്ത്രി നിർവഹിക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിതവും വൃത്തിയുമുളള ഇടങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 1 കോടി രൂപ ഉപയോഗിച്ച് കോട്ടക്കുന്നിൽ ഫുഡ് സ്ട്രീറ്റ് നിർമ്മിച്ചിട്ടുളളത്. ആദ്യ ഘട്ടത്തിൽ 4 സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. തിരുവന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിലാണ് ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കിയത്. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ യാഥാർത്ഥ്യമാക്കിയത്.

ഇരിങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിത്തറമേൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 3 മണിക്ക് മന്ത്രി നിർവഹിക്കും.