* ആക്ഷന്‍ പ്ലാന്‍ പ്രകാശനം 25ന് മുഖ്യമന്ത്രി നിര്‍വഹിക്കും
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും സജ്ജമാക്കാന്‍ ആന്റി മൈക്രോബിയല്‍ പ്രതിരോധ ആക്ഷന്‍ പ്ലാനിന് ആരോഗ്യവകുപ്പ് രൂപം നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ്  കര്‍മ പദ്ധതി നടപ്പാക്കുന്നത്. നാളെ (ഒക്‌ടോബര്‍ 25) രാവിലെ 11ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്റ്‌സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍’ പ്രകാശനം ചെയ്യും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ഇത്തരം കര്‍മപദ്ധതി നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മരുന്നുവില്‍പനശാലകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഡോക്ടറുടെ പരിശോധയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണത ഭാവിയില്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും രോഗം മാറാത്ത അവസ്ഥയുണ്ടാകും.
മത്സ്യം, കോഴി, മൃഗങ്ങള്‍ എന്നിവയുടെ ഭാരം വര്‍ധിപ്പിക്കാന്‍ കുത്തിവെക്കുന്ന ആന്റിബയോട്ടിക്കുകള്‍ പല വിധത്തില്‍ മനുഷ്യ ശരീരത്തിന് ദോഷം ചെയ്യും. മരുന്നു കമ്പനികള്‍ ബാക്കിവരുന്ന ആന്റിബയോട്ടിക്കുകള്‍ ഒഴുക്കിവിടുന്നതിലൂടെ പരിസ്ഥിതി ദോഷവുമുണ്ടാക്കുന്നു. അതിനാലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കര്‍മപദ്ധതിക്ക് രൂപം നല്‍കുന്നത്.
ഇിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗത്തെപ്പറ്റിയും പൊതുവായ ശുചിത്വത്തെപ്പറ്റിയും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കും.
ആന്റി മൈക്രോബിയല്‍ പ്രതിരോധ തോത് കണക്കാക്കാനുള്ള നിരീക്ഷണസംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ കേന്ദ്രമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം പ്രവര്‍ത്തിക്കും. സ്വകാര്യമേഖലയിലെ മേല്‍നോട്ടം കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ്.
ആശുപത്രികളില്‍ അടിസ്ഥാന ശുചിത്വം ഉറപ്പാക്കാന്‍ അണുബാധനിയന്ത്രണ കമ്മിറ്റികള്‍ സജ്ജമാണ്. ബോധവത്കരണത്തിനായി വിവിധ പരിപാടികള്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ സഹായത്തോടെ നടത്തുന്നതിനൊപ്പം, ഡോക്ടറുടെ കുറിപ്പടി കൂടാതെയുള്ള മരുന്നുവില്‍പന കുറയ്ക്കാനും നടപടി സ്വീകരിക്കും.
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, അണുബാധ നിയന്ത്രണം, രോഗനിര്‍ണയം തുടങ്ങിയ മേഖലകളിലെ ഗവേഷണം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ തുടങ്ങിയിട്ടുണ്ട്. ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള എന്‍.ജി.ഒകളുമായി സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തവുമുണ്ടാകും.
ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി പ്രതിനിധി ഡോ. ശാരദ എന്നിവര്‍ സംബന്ധിച്ചു.