പ്രകൃതി ദുരന്തങ്ങളിൽ വീടു തകർന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

75 ശതമാനവും അതിനുമേലേയും നാശമുണ്ടായ വീടുകളെ പൂർണ്ണമായി തകർന്ന വീടുകളായി കണക്കാക്കും. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം പൂർണ്ണമായി തകർന്ന വീടുകൾക്ക് മലയോരപ്രദേശങ്ങളിൽ 1,01,900 രൂപയും സമതലപ്രദേശങ്ങളിൽ 95,100 രൂപയുമാണ് ദുരന്തപ്രതികരണനിധിയിൽ നിന്നും നൽകുന്നത്.

ഏതു മേഖലയിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുളള വിഹിതം ചേർത്ത് മൊത്തം 4 ലക്ഷം രൂപ ഓരോ വീടിനും നൽകും. മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് 3,04,900 രൂപയും ദുരന്തപ്രതികരണനിധിയിൽ നിന്നുളള തുകയ്ക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കും.

പൂർണ്ണമായി തകർന്ന വീടുകൾ ഒഴികെ മറ്റുളളവയെ നാലു വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം നൽകുന്നത്. കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 4,800 രൂപ അടക്കം 10,000 രൂപ നൽകും.

16-29 ശതമാനം നഷ്ടം – മൊത്തം 60,000 രൂപ
30-59 ശതമാനം നഷ്ടം – മൊത്തം 1,25,000
60-74 ശതമാനം നഷ്ടം – മൊത്തം 2,50,000

ഇതനുസരിച്ച് നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കുമ്പോൾ ആഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ വീട് തകർന്നവർക്ക് നൽകേണ്ട നഷ്ടപരിഹാര തുകയിൽ ആയിരം കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ചെലവഴിക്കുക. കേന്ദ്ര ദുരന്തപ്രതികരണനിധിയിൽ നിന്ന് 450 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി നൽകുന്നത്. നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൂടുതൽ തുക അനുവദിക്കാൻ തീരുമാനിച്ചത്. മൊത്തം 2.43 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വന്തമായി വീട് നിർമിക്കുന്നവർക്കാണ് നാലു ലക്ഷം രൂപ നൽകുന്നത്.

ക്ഷേത്രപ്രവേശന വിളംബര വാർഷികം

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികം വിവിധ പരിപാടികളോടെ നവംബർ 10 മുതൽ 12 വരെ എല്ലാ ജില്ലകളിലും ആഘോഷിക്കാൻ തീരുമാനിച്ചു. ചരിത്ര പ്രദർശനം, പ്രഭാഷണങ്ങൾ, ഡോക്യൂമെന്ററി പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും സാംസ്‌കാരിക വകുപ്പും പുരാവസ്തു-പുരാരേഖാ വകുപ്പുകളും ചേർന്നാണ് പരിപാടികൾ നടത്തുക.

ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകാൻ ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല നൽകാനും തീരുമാനിച്ചു.

തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രൻ
കൊല്ലം – ജെ. മേഴ്‌സിക്കുട്ടിയമ്മ
പത്തനംതിട്ട – അഡ്വ. മാത്യു ടി തോമസ്
ആലപ്പുഴ – ജി. സുധാകരൻ, പി. തിലോത്തമൻ, ഡോ. ടി.എം. തോമസ് ഐസക്
കോട്ടയം – അഡ്വ. കെ. രാജു
ഇടുക്കി – എം.എം. മണി
എറണാകുളം – പ്രൊഫ. സി. രവീന്ദ്രനാഥ്
തൃശ്ശൂർ – എ.സി. മൊയ്തീൻ, അഡ്വ. വി.എസ്. സുനിൽകുമാർ
പാലക്കാട് – എ.കെ. ബാലൻ
മലപ്പുറം – ഡോ. കെ.ടി. ജലീൽ
കോഴിക്കോട് – ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ
വയനാട് – രാമചന്ദ്രൻ കടന്നപ്പള്ളി
കണ്ണൂർ – ഇ.പി. ജയരാജൻ, കെ.കെ. ശൈലജ ടീച്ചർ
കാസറഗോഡ് – ഇ. ചന്ദ്രശേഖരൻ

ആധാര പണയങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഈടാക്കുന്ന അതേ ഫീസു തന്നെ അവ തിരിച്ചെടുക്കുമ്പോഴും പണയം ഒഴിയുമ്പോഴും റദ്ദാക്കുമ്പോഴും ഈടാക്കുന്നതിന് 1908-ലെ രജിസ്‌ട്രേഷൻ ആക്ടിലെ ഫീസ് പട്ടികയിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. പണയം രജിസ്റ്റർ ചെയ്യുമ്പോൾ രജിസ്‌ട്രേഷൻ ഫീസായി ജാമ്യത്തുകയുടെ 0.1 ശതമാനമാണ് ഈടാക്കുന്നത്. എന്നാൽ റിലീസ് ഡീഡ് രജിസ്റ്റർ ചെയ്യാൻ 2 ശതമാനം ഫീസ് വേണ്ടി വരുന്നു. ഇതുമൂലം ജനങ്ങൾക്കുളള പ്രയാസം ഒഴിവാക്കുന്നതിനാണ് ഫീസ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്.

ഒരു കുടുംബത്തിലെ ഒന്നിലധികം പേർക്ക് മാരകമായ അസുഖങ്ങൾക്ക് ചികിത്സ വേണ്ടിവന്നാൽ ഓരോ അംഗത്തിനും പരമാവധി മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.

കോട്ടയം ജില്ലയിലെ ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ ഗവൺമെന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അഞ്ച് ഗ്രേഡ് 2 സ്റ്റാഫ് നഴ്‌സ് അടക്കം 12 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേരള അഭിഭാഷക ക്ഷേമനിധിയുടെ പ്രവർത്തനം കൂടതൽ സുതാര്യമാക്കുന്നതിനും ക്ഷേമനിധി സ്റ്റാമ്പുകളുടെ അച്ചടിയും വിൽപ്പനയും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനും കേരള അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

2018-19 സീസണിൽ സംഭരിക്കുന്ന ഡബ്ല്യൂ.സി.ടി, കുറിയ ഇനം വിത്തു തേങ്ങയുടെ വില ഒന്നിന് 70 രൂപയായും സങ്കരയിനം വിത്തു തേങ്ങയുടെ വില 75 രൂപയായും വർധിപ്പിക്കാൻ തീരുമാനിച്ചു.

ബിശ്വനാഥ് സിൻഹയെ എസ്.സി/എസ്.ടി വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. പാർലമെന്ററി അഫയേഴ്‌സ് വകുപ്പിന്റെ ചുമതല അദ്ദേഹം തുടരും.

പ്രിൻസിപ്പൽ സെക്രട്ടറി വി. വേണുവിന് വനം-വന്യ ജീവി വകുപ്പിന്റെ പൂർണ ചുമതല നൽകാൻ തീരുമാനിച്ചു. മറ്റ് അധിക ചുമതലകളിൽ അദ്ദേഹം തുടരും.