പത്തനംതിട്ട ജില്ലയിലെ താലൂക്കുകളില്‍ നവംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ ഓണ്‍ലൈന്‍ സൗകര്യം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്  പറഞ്ഞു. 2019ലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഭക്ഷ്യ സിവില്‍ സപ്ലൈസ്, സഹകരണ വകുപ്പ് സെക്രട്ടറിയും ജില്ല റോള്‍ ഒബ്‌സര്‍വറുമായ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ ഇതുവരെ 2740 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അവയുടെ പരിശോധന നടന്നു വരുന്നു. ജില്ലയിലെ ഒന്‍പത് കോളേജുകളിലും, 126 സ്‌കൂള്‍ തലത്തിലും ക്യാമ്പുകള്‍ നടത്തി വോട്ടര്‍ പട്ടികയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ദ്രുതഗതിയില്‍ നടന്നുവരുകയാണ്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അജന്തകുമാരി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ വി.എം സഞ്ജു, ബി.ഷാഹുല്‍ ഹമീദ്, വി.എസ് അനില്‍കുമാര്‍, പ്രസാദ് സി.ജി, ജോണ്‍സ് യോഹന്നാന്‍, കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, രാജന്‍ എം ഈപ്പന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.