നിലയ്ക്കലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയറിയിച്ച് നിരീക്ഷക സമിതി
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതിയാണ് നിലയ്ക്കലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നലെ നേരിട്ട് വിലയിരുത്തിയത്. ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമിതി വിലയിരുത്തി.
നിലയ്ക്കലെ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണ് ഉണ്ടായതെന്ന് സമിതി അംഗമായ ഡിജിപി എ. ഹേമചന്ദ്രന്‍ പറഞ്ഞു. ഇത് സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കി. ഈ പ്രചാരണം ശരിയല്ലെന്ന് മാധ്യമങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലെ സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് ജസ്റ്റിസ് പി.ആര്‍. രാമന്‍ പറഞ്ഞു. ഉച്ചയോടെ എത്തിയ സമിതി നിലയ്ക്കല്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തി. പുതുതായി നിര്‍മ്മിച്ച വിരി വയ്ക്കാനുള്ള ഷെഡ്, നിലയ്ക്കലെ കുടിവെള്ള പ്ലാന്റ്, യു വി ആര്‍.ഒ പ്ലാന്റ്, കിയോസ്‌കുകള്‍, ശൗചാലയങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വിശ്രമസ്ഥലം, പൊലീസ് ബങ്കര്‍, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ സന്ദര്‍ശിച്ചു. അയ്യപ്പന്‍മാരോട് സൗകര്യങ്ങളില്‍ തൃപ്തരാണോയെന്നും സമിതിയംഗങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചോടെ പമ്പയില്‍ എത്തിയ സമിതി അംഗങ്ങള്‍ ത്രിവേണി, ബസ്്സ്റ്റാന്റ്, പോലീസ്്സ്റ്റേഷന്‍, ടോയ്ലറ്റ് ബ്ലോക്കുകള്‍, പമ്പാനദീതീരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കെഎസ്ആര്‍ടിസി വൈദ്യുതി ബസിലാണ് സമിതി പമ്പയിലേക്ക് സഞ്ചരിച്ചത്.
പമ്പ മരാമത്ത് കോംപ്ലക്‌സിനു മുന്‍പിലോ,  ത്രിവേണിയില്‍ നിന്നു തീര്‍ഥാടകര്‍ കയറി വരുന്ന വഴി അവസാനിക്കുന്നിടത്തോ കാത്തിരിപ്പുകേന്ദ്രം സജ്ജമാക്കാനും ടോയ്ലറ്റ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനും സമിതി നിര്‍ദേശിച്ചു. സന്നിധാനത്ത് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ സമിതി ഇന്ന് (4) വിലയിരുത്തും. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, കെ.എസ്.ആര്‍.ടി.സി സി എം.ഡി ടോമിന്‍ തച്ചങ്കരി, ഐജി അശോക് യാദവ്, ഐജി ദിനേശ് കശ്യപ്, എ.ഡി.എം പി.ടി ഏബ്രഹാം, ശബരിമല എ.ഡി.എം വി.ആര്‍ പ്രേംകുമാര്‍, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, സ്പെഷ്യല്‍ ഓഫീസര്‍ എസ്.കെ. രമേഷ്‌കുമാര്‍, ദേവസ്വംബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.