നിരീക്ഷണ സമിതി അംഗങ്ങള്‍ യാത്ര ചെയ്തത് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസില്‍
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷണ സമിതി അംഗങ്ങള്‍ ഇന്നലെ നിലയ്ക്കല്‍ നിന്നു പമ്പയിലേക്ക് യാത്ര ചെയ്തത് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസില്‍. സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍,  ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരെ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍ അനുഗമിച്ചു. ആദ്യം നിലയ്ക്കല്‍ നിന്ന് തീര്‍ഥാടകര്‍ നിറഞ്ഞ ബസില്‍ കയറിയ സംഘം അയ്യപ്പന്മാരോടു യാത്രാ സൗകര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ബസ് പാര്‍ക്കിംഗ് ഗ്രൗണ്ട് ചുറ്റി നിലയ്ക്കല്‍ ബസ് സ്റ്റൗന്‍ഡില്‍ മടങ്ങിയെത്തി. അവിടെ ഇറങ്ങിയ സമിതി അംഗങ്ങള്‍ പ്രത്യേകം സജ്ജമാക്കിയ ബസില്‍ കയറിയാണ് പമ്പയിലേക്കു പോയത്. തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി നിലയ്ക്കലും പമ്പയിലുമായി ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ യാത്രാ സൗകര്യം സംബന്ധിച്ച് ടോമിന്‍ ജെ തച്ചങ്കരി സമിതി അംഗങ്ങളോടു വിശദീകരിച്ചു.