*സംസ്ഥാനത്ത് ആറ് ലക്ഷം പുതിയ അപേക്ഷകൾ
വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷകളിലെ പരിശോധന 24 നകം പൂർത്തിയാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകി. ഡിസംബർ പത്ത് വരെയാണ് ഇലക്ഷൻ കമ്മീഷൻ നേരത്തെ സമയം നൽകിയിരുന്നത്. പരിശോധന പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ നീട്ടി നൽകുകയായിരുന്നു. ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളുമായി രാഷ്ട്രീയ കക്ഷികൾ സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
സംസ്ഥാനത്ത് ആറ് ലക്ഷം പുതിയ അപേക്ഷകരാണുള്ളത്. കൂടുതൽ അപേക്ഷകർ കോഴിക്കോട് ജില്ലയിലാണ്, 1.09 ലക്ഷം. ഓൺലൈനായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകുന്നതിനുള്ള തിയതി നവംബർ 15ന് അവസാനിച്ചിരുന്നു.
ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. ബി. എൽ. ഒമാരെ സഹായിക്കാൻ രാഷ്ട്രീയ കക്ഷികൾ ബൂത്ത് ലെവൽ അസിസ്റ്റന്റുമാരെ നിയോഗിക്കാൻ ജില്ലാ കളക്ടർമാർ യോഗം നടത്തി ആവശ്യപ്പെട്ടിരുന്നു. ചില കക്ഷികൾ ബി. എൽ. എമാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ എത്രയും വേഗം പ്രതിനിധികളെ നിയോഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചിട്ടുണ്ട്. അപേക്ഷകരുടെ മേൽവിലാസം, 18 വയസ് പൂർത്തിയായിട്ടുണ്ടോ, സ്ഥിര താമസക്കാരാണോ തുടങ്ങിയ വിശദാംശങ്ങളെല്ലാം വീടുകളിലെത്തി ബി. എൽ. ഒമാർ പരിശോധിക്കുന്നുണ്ട്. ഇ. ആർ. ഒ നെറ്റ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഓൺലൈനായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.
ജില്ലകളിൽ ഇപ്പോൾ നടക്കുന്ന പ്രക്രിയ നിരീക്ഷിക്കുന്നതിന് മുതിർന്ന ഉദ്യോഗസ്ഥരായ മിനി ആന്റണി, സുമന എൻ. മേനോൻ, സുഭാഷ് ടി. വി, റാണി ജോർജ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇവർ ജില്ലകളിൽ മൂന്നു വീതം സന്ദർശനം നടത്തി റിപ്പോർട്ട് ഇലക്ഷൻ കമ്മീഷന് നൽകണം. ആദ്യ സന്ദർശനം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്.