ഗ്രാമീണകാഴ്ചകളുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയമൊരുക്കി തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം മേള. സായാഹ്നങ്ങളില്‍ വയലോരക്കാഴ്ചകള്‍ കാണാനും നാടന്‍ രുചികള്‍ ആസ്വദിക്കാനും പഴുക്കാനില കായല്‍ ഉള്‍പ്പെടെ വേമ്പനാടിന്റെ ഭംഗിയറിഞ്ഞുള്ള ഒരു ബോട്ട് യാത്ര നടത്താനും അവസരമൊരുക്കിയാണ് മലരിക്കലില്‍ മേള സജ്ജീകരിച്ചിരിക്കുന്നത്. മീനച്ചിലാര്‍ -മീനന്തറയാര്‍ – കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് മലരിക്കലിനെ വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നത്. ജില്ലയിലെ തന്നെ വിശാലമായ കായല്‍ പാടശേഖരങ്ങളായ ഒന്‍പതിനായിരം -തിരുവായ്ക്കരിയുടെ ഓരമാണ് മേളയുടെ വേദി.

ഗ്രാമീണ ജീവിതത്തിന്റെ തനിമ സഞ്ചാരികളിലേക്കെത്തിക്കുന്നതിനായി വലവീശല്‍, കള്ളുചെത്ത് പ്രദര്‍ശനം, വയല്‍ നടത്തം, ചൂണ്ടയിടല്‍ എന്നിങ്ങനെയുള്ള വിനോദപരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലരിക്കലിന്റെ സായാഹ്ന കാഴ്ചകളില്‍ പ്രധാനമാണ് സൂര്യാസ്തമനവും താമരക്കുളവും കള്ള് ചെത്തുന്ന ചെറിയ തെങ്ങുകള്‍ നിറഞ്ഞ വയലോരവും. ഇത് കാണുവാനായി അനവധി പേരാണ് എത്തുന്നത്.
വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി വഴി വിളക്കുകളും സന്ദര്‍ശകര്‍ക്കായി മുളം ബഞ്ചുകളും  ഊഞ്ഞാലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭക്ഷ്യമേളയില്‍ നിന്ന പ്രാദേശിക രുചി വൈവിധ്യങ്ങളും ആസ്വദിക്കാം.
കാഞ്ഞിരം ജെട്ടിയില്‍ നിന്ന് വേമ്പനാട്ട് കായലിലേക്ക് വള്ളങ്ങളിലും ബോട്ടുകളിലുമായി യാത്രയും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്കായി മലരിക്കലിനു സമീപം 100 ഹോം സ്റ്റേകളും തയാറായിട്ടുണ്ട്. ഇവര്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. ഓലമെടയല്‍ പ്രദര്‍ശനം, നാടന്‍ ഭക്ഷണം ഉള്‍പ്പെടെ വീടുകളിലും ലഭ്യമാകും.
നദീപുനര്‍ സംയോജന കൂട്ടായ്മയ്ക്കു പുറമേ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക്,കാഞ്ഞിരം സര്‍വ്വീസ് സഹകരണ ബാങ്ക്, തിരുവാര്‍പ്പ് വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക്, തിരുവാര്‍പ്പ് – മലരിക്കല്‍ ടൂറിസം വികസന സമിതി, തിരുവാര്‍പ്പ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘം, ഒന്‍പതിനായിരം – തിരുവായ്ക്കരി പാടശേഖര സമിതികള്‍ എന്നിവരുടെ സംയുക്ത കൂട്ടായ്മയാണ് മേളയുടെ നേതൃത്വം വഹിക്കുന്നത്.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി തിരുവാര്‍പ്പ് ടൂറിസം മാപ്പില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ചെറിയ രീതിയില്‍ തുടക്കം കുറിച്ച മേള വരും വര്‍ഷങ്ങളില്‍ വിപുലപ്പെടുത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. മലരിക്കല്‍ – തിരുവാര്‍പ്പ് ടൂറിസം വികസനത്തിനായി പഞ്ചായത്ത് പ്രത്യേക പദ്ധതി നിര്‍ദ്ദേശം അവതരിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി നൈനാന്‍ പറഞ്ഞു.