നിരോധിത ലഹരി ഉൽപന്നങ്ങൾ ജില്ലയിലേക്കെത്തുന്നത് തടയാൻ അയൽ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ പദ്ധതി തയ്യാറായി. എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമീഷണർ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലാണ് ഏകോപനം. പദ്ധതിയുടെ ഭാഗമായി ജില്ലാകളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ വയനാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ക്രിസ്തുമസും പുതുവത്സരവും കണക്കിലെടുത്ത് നിരോധിത ലഹരി വസ്തുകൾ ജില്ലയിലേക്ക് എത്തുന്നത് തടയുകയാണ് പ്രഥമ ലക്ഷ്യം. ഇതിന്റെ ഭാഗമായി ക്രിസ്തുമസിനു മുമ്പും ശേഷവും ചെക്ക്‌പോസ്റ്റുകളിൽ സംയുക്ത പരിശോധനയും അതിർത്തി പ്രദേശങ്ങളിൽ പൊലീസിന്റെ സഹായത്തോടെ പട്രോളിങും നടത്തും. ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും കൈമാറാൻ ഇമെയിൽ-മൊബൈൽ ശൃംഖലയും സജീവമാക്കിയിട്ടുണ്ട്. പരിശോധനയ്ക്കിടെ നിർത്താതെ പോകുന്ന വാഹനങ്ങളുടെ വിവരങ്ങളടക്കം ഇതിലൂടെ കൈമാറാനും ധാരണയായി. നദികളിലൂടെയും മറ്റും ലഹരി വസ്തുകൾ കടത്തുന്നത് തടയാൻ പ്രദേശത്തെ പൊലീസിന്റെ സഹകരണത്തോടെ പട്രോളിങും ശക്തമാക്കും. കർണ്ണാടകയിൽ നിന്നും മാക്കൂട്ടം വഴി ജില്ലയിലേക്ക് ലഹരി വസ്തുകൾ കടത്തുന്നതിനും പിടിവീഴും. കോട്ടുർ, ചോലാടി, ചേരംമ്പാടി, ഗൂഡല്ലൂർ, ബൈരകൂപ്പ, തോൽപ്പട്ടി, ബാവലി, വിരാജ്‌പേട്ട, എച്ച്ഡി കോട്ട, മാക്കൂട്ടം, ഗുണ്ടൽപേട്ട, പാട്ടവയൽ, അമ്പലമൂല, താളൂർ, എരുമാട്, മുത്തങ്ങ തുടങ്ങിയയിടങ്ങളിലെല്ലാം സംയുക്ത പരിശോധന ശക്തമാക്കാനാണ് തീരുമാനം.
ബൈരകൂപ്പയിൽ നിന്നും മാനന്തവാടിയിലേക്ക് മദ്യം കടത്തുന്നത് തടയും. മൈസൂർ, ബംഗ്ലരൂരു എന്നിവിടങ്ങളിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വൻതോതിൽ ലഹരി ഗുളികൾ കേരളത്തിലേക്ക് കടത്തുന്നത് തടയാൻ കർണ്ണാടക എക്‌സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ചുള്ള സംയുക്ത പരിശോധന ഭാവിയിലും തുടരാനാണ് ആലോചിക്കുന്നതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ മാത്യൂസ് ജോൺ പറഞ്ഞു. യോഗത്തിൽ വിരാജ്‌പേട്ട ഡിവിഷൻ ഡെപ്യൂട്ടി എക്‌സൈസ് സുപ്രണ്ട് സി. ലക്ഷ്മി ഷാ, എച്ച്ഡി കോട്ട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.എൻ. നടരാജ്, ഗുണ്ടൽപേട്ട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശിവാനന്ദപ്പ, ചേരംമ്പാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വെട്രിവേൽ രാജൻ, ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ആർ. പത്മകുമാർ, ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.